രാമപുരം: നാലമ്പല തീര്‍ഥാടന കാലത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ അഭൂതപൂര്‍വമായ ഭക്തജന തിരക്കാണ് രാമപുരത്തെ നാലമ്പലങ്ങളില്‍ അനുഭവപ്പെട്ടത്. പുലര്‍ച്ചെ നാലിന് നിര്‍മാല്യദര്‍ശനത്തിന് നട തുറക്കുന്നതിന് മുന്‍പ് മുതല്‍ ഭക്തജനങ്ങളുടെ നീണ്ട നിരയുണ്ടായിരുന്നു.
പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മനും ഇന്നലെ ദര്‍ശനത്തിനെത്തിയിരുന്നു. ഭക്തജനങ്ങള്‍ക്ക് അന്നദാനം വിളമ്പിക്കൊടുത്തശേഷം അന്നദാനവും കഴിച്ചാണ് മടങ്ങിയത്.
ബിജു പുന്നത്താനം, പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, മോളി പീറ്റര്‍, കെ.കെ. ശാന്താറാം, സണ്ണി കാര്യപ്പുറം, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേല്‍ പ്രദോഷ് പാലവേലി, സജി ചീങ്കല്ലേല്‍ തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
നാലമ്പല ദര്‍ശന കമ്മിറ്റി പ്രസിഡന്റ് എ.ആര്. ബുദ്ധന്, പ്രാണ്‍ അമനകര മന, പ്രദീപ് അമനകര മന എന്നിവര്‍ ചേര്‍ന്ന് എംഎല്‍എയെ സ്വീകരിച്ചു.
പ്രതികൂലമായ കാലാവസ്ഥയിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തജനങ്ങളെത്തിയതിനാല് മണിക്കൂറുകള്‍ ക്യൂ നിന്നാണ് തീര്‍ത്ഥാടകര്‍ ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയത്. സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നുമായി കെഎസ്ആര്‍ടിസി മുപ്പതോളം സര്‍വീസുകളും നടത്തി.