മലപ്പുറം: കൂരിയാട് ദേശീയപാത 66 ഇടിഞ്ഞ് താഴ്ന്നുണ്ടായ അപകടം പൊതമരാമത്ത് സെക്രട്ടറി അന്വേഷിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് നിർദേശിച്ചു. ഇതിനായി പൊതുമരാമത്ത് സെക്രട്ടറി അടക്കമുള്ളവർ സ്ഥലം സന്ദർശിക്കും.
അപകടവുമായി ബന്ധപ്പെട്ട് ദേശീയപാത അഥോറിറ്റി അധികൃതരിൽനിന്ന് വിവരങ്ങൾ ആരായും. റിപ്പോർട്ട് കിട്ടിയ ശേഷം ആവശ്യമായ നടപടികൾ എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.അതേസമയം കാലവര്‍ഷം ശക്തിയാകുന്നതോടെ കൂടുതല്‍ സ്ഥലങ്ങളില്‍ റോഡുകളില്‍ തകര്‍ച്ചയുണ്ടാകാനുള്ള സാധ്യതയും ദേശീയപാത അഥോറിറ്റി തള്ളുന്നില്ല. റോഡ് നിര്‍മാണ മേഖലയിലെ വിദഗ്ധരുടെ സംഘം ഇത്തരം സ്ഥലങ്ങള്‍ പരിശോധിക്കും. വയല്‍ പ്രദേശങ്ങളില്‍നിന്നും ഏറെ മണ്ണിട്ട് ഉയര്‍ത്തി നിര്‍മിച്ച ഭാഗങ്ങളിലായിരിക്കും വിശദമായ പരിശോധന നടത്തുക.
അതിനിടെ അപകടത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ എൻഎച്ച്എഐ അപകടത്തെക്കുറിച്ച് വിശദീകരണം നൽകി. മഴയെത്തുടർന്ന് വയൽ ഭൂമി വികസിച്ചാണ് അപകടം സംഭവിച്ചതെന്നാണ് ദേശീയപാത അഥോറിറ്റി വിശദീകരിച്ചത്. അതേസമയം ദേശീയപാതയില്‍ തലപ്പാറയ്ക്ക് സമീപം ദേശീയപാതയില്‍ വിള്ളല്‍ കണ്ടെത്തിയതും കോഴിക്കോട്ട് രാമനാട്ടുകര- വെങ്ങളം ദേശീയപാതയില്‍ മലാപറമ്പ് ജംഗ്ഷനില്‍ സര്‍വീസ് റോഡ് താഴ്ന്നസംഭവവും ആശങ്ക പരത്തിയിട്ടുണ്ട്. ഇടിഞ്ഞ ഭാഗത്തെ മണ്ണിടനടിയില്‍ പഴയ കുടിവെള്ള പൈപ്പ് ഉള്ളതാണ് കേടുപാടിന് കാരണമായി അധികൃതര്‍ പറയുന്നത്.