പുതിയ സിനിമ ‘പാതിരാത്രി’യുടെ പ്രമോഷന് തിരക്കുകളിലാണ് നവ്യ നായര്‍ ഇപ്പോള്‍. പുഴുവിനുശേഷം രത്തീന സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന് ഷാഹിര്‍, ആന്‍ അഗസ്റ്റിന് തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നു. പ്രൊമോഷന്റെ ഭാഗമായി നവ്യയും ചിത്രത്തിലെ മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
കോഴിക്കോട് മാളില്‍ വച്ച് നടന്ന പരിപാടിക്കിടെ നവ്യയോട് മോശമായി പെരുമാറാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് വൈറലാകുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. താരങ്ങളെ കാണാനായി വലിയ ജനത്തിരക്കുണ്ടായിരുന്നു.
മാളില്‍നിന്നു താരങ്ങള്‍ മടങ്ങവെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ നവ്യയെ തൊടാനായി കൈ നീട്ടുകയായിരുന്നു. നവ്യയുടെ പിന്നിലായി നടന്നിരുന്ന സൗബിന് ഷാഹിര്‍ അപ്പോൾത്തന്നെ ഇടപെടുകയും തടയുകയും ചെയ്യുന്നതായി വീഡിയോയില്‍ കാണാം.
തനിക്കു നേരേയുണ്ടായ അപ്രതീക്ഷിത നീക്കത്തില്‍ നവ്യ തെല്ല് ഞെട്ടുന്നതും അതിക്രമം നടത്താന്‍ ശ്രമിച്ചയാളെ രൂക്ഷമായി നോക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പൊതു ഇടത്ത്, സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലാണ് നവ്യയ്ക്കെതിരേ അതിക്രമ ശ്രമമുണ്ടായതെന്നത് അമ്പരപ്പിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം റിലീസിന കാത്തു നില്‍ക്കുകയാണ് പാതിരാത്രി. ഡോക്ടര്‍ കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്ന് ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം. സണ്ണി വെയ്നും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നു. ഒക്ടോബര്‍ 17 നാണ് സിനിമ തിയറ്ററുകളിലെത്തുക.