ചങ്ങനാശേരി: കറുകച്ചാലിനു സമീപം പൂവന്‍പാറയില്‍ വാടകത്താമസക്കാരിയായ കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണ (36)നെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാഞ്ഞിരപ്പള്ളി മേലാറ്റൂതകിടി അമ്പഴത്തിനാല്‍ അന്‍ഷാദ് കബീര്‍(37), കാഞ്ഞിരപ്പള്ളി ചാവടിയില്‍ വീട്ടില്‍ ഉജാസ് അബ്ദുള്‍സലാം(35) എന്നിവരെ കാഞ്ഞിരപ്പള്ളി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ഈ മാസം 22വരെ റിമാൻഡ് ചെയ്തു.
വാടകവീട്ടില്‍നിന്നും ചങ്ങനാശേരിയിലുള്ള ജോലിസ്ഥലത്തേക്ക് പോകുന്നതിനായി ബസ് കയറാന്‍ നടന്നുപോവുകയായിരുന്ന നീതുവിനെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതിനാണ് ഇരുവരും ചേര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്തിയത്. സംഭവദിവസം വൈകുന്നേരത്തോടെ ഇരുവരെയും കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കൂടുതല്‍ അന്വേഷണത്തിനായി അടുത്തദിവസം പ്രതികളെ കറുകച്ചാല്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തെരച്ചിലിലാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. വിവാഹബന്ധം വേര്‍പെടുത്തി കഴിഞ്ഞിരുന്ന നീതുവും അന്‍ഷാദും തമ്മില്‍ മുമ്പ് സ്നേഹ ബന്ധമുണ്ടായിരുന്നു.
നീതു മറ്റൊരു വിവാഹത്തിന് തുനിഞ്ഞതും ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിലേക്കു നയിച്ചുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. നീതുവിന്റെ ആദ്യ ഭര്‍ത്താവിന്റെ സുഹൃത്താണ് അന്‍ഷാദ്. നീതു അന്‍ഷാദുമായി ബന്ധം പുലര്‍ത്തിയതോടെയാണ് ആദ്യഭര്‍ത്താവ് നീതുവിനെ ഉപേക്ഷിച്ചത്.
ചങ്ങനാശേരിയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ജോലിക്കാരിയായ നീതുവിനും രണ്ടു മക്കള്‍ക്കും കറുകച്ചാല്‍ പൂവന്‍പാറയില്‍ വാടകവീട് തരപ്പെടുത്തിക്കൊടുത്തതും അന്‍ഷാദാണ്.നീതുവിന് അടുത്തിടെ ഉണ്ടായ അടുപ്പക്കുറവ് അന്‍ഷാദിന് സംശയത്തിനിടയാക്കി.
മറ്റൊരു പുരുഷനെ വിവാഹം ചെയ്യാന്‍ നീതു തയാറെടുത്തതായും അന്‍ഷാദിന് അറിവു ലഭിച്ചു. തുടര്‍ന്നാണ് ഏതു വിധേനയും നീതുവിനെ കൊലപ്പെടുത്താന്‍ അന്‍ഷാദ് പദ്ധതിയിട്ടത്.സമീപവീടുകളിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന്റെ അന്വേഷണത്തിനു സഹായകമായത്.