ചങ്ങനാശേരി: കറുകച്ചാല്‍ വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി സ്വദേശിനി പുതുപ്പറമ്പില്‍ നീതു കൃഷ്ണനെ (36) വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയത് യുവതിയുടെ അടുപ്പക്കാരനായ സുഹൃത്തും സംഘവുമെന്ന് സൂചന. കാഞ്ഞിരപ്പള്ളിയില്‍നിന്നു കസ്റ്റഡിയിലെടുത്ത രണ്ടുപേരെ കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.
വാടകക്കെടുത്ത് കൃകൃത്യത്തിനുപയോഗിച്ച ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. പ്രതികളുടെയുടെ പേരും വിലാസവും ഇതുവരെ പോലീസ് പുറത്തുവിട്ടിട്ടില്ല. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങിക്കഴിഞ്ഞിരുന്ന നീതു നെടുംകുന്നം പൂവംപാറയിലുള്ള വാടകവീട്ടിലാണ് താമസം. ഇതിനുശേഷം നീതു മറ്റൊരു യുവാവുമായി അടുപ്പത്തിലായിരുന്നു.
അടുത്തകാലത്തായി ഇയാളുമായി നീതു അഭിപ്രായവ്യത്യാസങ്ങളുണ്ടായതായി പറയപ്പെടുന്നു. ഇയാളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ചങ്ങനാശേരിയിലെ ജൗളിക്കടയില് ജീവനക്കാരിയായ നീതു ഇന്നലെ രാവിലെ ഒമ്പതോടെ വീട്ടില്‍ നിന്നു കറുകച്ചാലിലേക്കു നടന്നുവരുമ്പോള്‍ വെട്ടിക്കാവുങ്കല്‍- പൂവന്‍പാറപ്പടി റോഡില്‍വച്ച് ഇന്നോവകാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തിയ നീതുവിനെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവ സ്ഥലത്തുനിന്ന് ഒരു കാര്‍ മല്ലപ്പള്ളി ഭാഗത്തേക്ക് ഓടിച്ചുപോകുന്നത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. ഈ വാഹനം കേന്ദ്രീകരിച്ച് കറുകച്ചാല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നും തെളിഞ്ഞത്.
തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി കെ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ പ്രതികളെ പിടികൂടിയത്.നീതുവിന്റെ സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിനു പിന്നിലുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നീതുവിന്റെ മക്കള്‍: ലക്ഷ്മിനന്ദ, ദേവനന്ദ.