വയറ്റിലുണ്ടായിരുന്നത് ഒരു പഴത്തിന്റെ കഷ്ണം മാത്രം ! മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അറിഞ്ഞാല്‍ കണ്ണു നിറഞ്ഞു പോകും

തൃശ്ശൂര്‍: ഭക്ഷണവസ്തുക്കള്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധു മുഴുപ്പട്ടിണിയില്‍ ആയിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മധുവിന്റെ വയറ്റില്‍ ആഹാരമായി ഉണ്ടായിരുന്നത് ഒരു പഴത്തിന്റെ കഷ്ണവും, മറ്റു കായ്കനികളുടെ ചെറിയ അംശവും മാത്രം.

അരി ആഹാരത്തിന്റെ അംശം ഒട്ടുമുണ്ടായിരുന്നില്ലെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി.മധു മുഴുപ്പട്ടിണിയിലായിരുന്നെന്ന് വ്യക്തമാക്കുന്നതാണ് ഈ തെളിവുകള്‍. ശാരീരികമായും ഇയാള്‍ അവശനായിരുന്നെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

വളരെക്കാലം പട്ടിണി കിടന്നതിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു. എല്ലുപൊന്തി, മാംസഭാഗങ്ങള്‍ കുറഞ്ഞ നിലയിലായിരുന്നു ശരീരം. പേശികളും ശോഷിച്ച അവസ്ഥയിലായിരുന്നു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍തന്നെ മൃതദേഹത്തിന് ചെറിയതോതില്‍ നിറംമാറ്റം വന്നിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. ശനിയാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്.

മൂന്നുമണിക്കൂറോളം നീണ്ട വിശദമായ പോസ്റ്റ്‌മോര്‍ട്ടമാണ് അധികൃതര്‍ നടത്തിയത്. മധുവിന്റെ ശരീരം മുഴുവന്‍ മര്‍ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന വിവരം നേരത്തേതന്നെ പുറത്തുവന്നിരുന്നു.

തലയ്‌ക്കേറ്റ അടിയാണ് മരണകാരണം. വാരിയെല്ലുകളും ഒടിഞ്ഞു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയപരിശോധനാഫലം വന്നാലേ മരണത്തെക്കുറിച്ച കൂടുതല്‍ വ്യക്തത ഉണ്ടാകുകയുള്ളൂ. ആദിവാസി ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ കോടികള്‍ മാറ്റിവയ്ക്കുമ്പോഴാണ് ഇത്തരത്തിലുള്ള ക്രൂരത അവര്‍ അനുഭവിക്കുന്നത്.

മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ആദിവാസികള്‍ ആദിവാസി സംരക്ഷണത്തില്‍ കാണിക്കുന്ന അലംഭാവമാണ് മധുവിന്റെ മരണത്തില്‍ തെളിഞ്ഞു കാണുന്നത്.

 

Related posts