കുണ്ടറയിലെ ഞണ്ട് വിക്ടറിനെതിരേ അയല്‍ക്കാര്‍, ഏഴു വര്‍ഷം മുമ്പ് അയല്‍വാസിയായ 16കാരന്‍ ആത്മഹത്യ ചെയ്തതിനു കാരണക്കാര്‍ വിക്ടറെന്ന് സൂചന, നുണപരിശോധനയ്ക്ക് വിസമ്മതിച്ചത് ഇക്കാരണത്താല്‍?

kundaraകൊല്ലം കുണ്ടറയില്‍ പത്തു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിടിയിലായ മുത്തച്ഛന്‍ വിക്ടറിനെതിരേ കൂടുതല്‍ പരാതികള്‍. കൊച്ചുമകളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിയിട്ട ഞണ്ട് വിക്ടര്‍ക്കെതിരേ രംഗത്തു വന്നിരിക്കുന്നത് അയല്‍ക്കാരായ കുടുംബമാണ്. ഏഴുവര്‍ഷം മുമ്പ് ഇവരുടെ പതിനാറുകാരനായ മകന്‍ ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണത്തിനു പിന്നില്‍ വിക്ടറിന് പങ്കുള്ളതായി സംശയമുണ്ടെന്നാണ് ഇവര്‍ പറയുന്നത്. വിക്ടറിന്റെ വീടിന്റെ എതിര്‍ വശത്താണ് 16 കാരനും കുടുംബവും താമസിച്ചിരുന്നത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കുട്ടി കാണപ്പെട്ടത്. വിക്ടര്‍ അറസ്റ്റിലായതോടെ വീണ്ടും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മരിച്ച വിദ്യാര്‍ഥിയുടെ കുടുംബം.

കുടുംബം അന്നു നല്‍കിയ പരാതി പോലീസ് അവഗണിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. 2010 ജൂളിലാണ് കുണ്ടറ നാന്തിരിക്കല്‍ സ്വദേശിയായ 16 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നില്‍ വിക്ടര്‍ ആണെന്നു അന്നു തന്നെ സംശയമുയര്‍ന്നിരുന്നു. ആറാം ക്ലാസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവുമായി തുടക്കത്തില്‍ വിക്ടര്‍ സഹകരിച്ചിരുന്നില്ല. എന്നാല്‍ മുത്തശ്ശിയും പെണ്‍കുട്ടിയുടെ അമ്മയും ഇയാള്‍ക്കതിരേ മൊഴി നല്‍കിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പഴയ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാവാം വിക്ടര്‍ നേരത്തേ നുണപരിശോധനയ്ക്ക് തയാറാവാതിരുന്നതെന്ന് സൂചനയുണ്ട്.

കൊല്ലത്തെ ഒരു പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു വിക്ടര്‍. പിന്നീട് സ്വകാര്യ ലോഡ്ജിലെ മാനേജരായി ജോലിയെടുക്കവേ ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് പരാതിയുയര്‍ന്നിരുന്നു. കഴിഞ്ഞ ജനുവരി 15നാണ് നാന്തിരിക്കല്‍ സ്വദേശിനിയായ ആറാംക്ലാസുകാരി മരിച്ചത്. പെണ്‍കുട്ടി നിരന്തരമായ പീഡനത്തിന് ഇരയായിരുന്നു. സ്വകാര്യഭാഗങ്ങളിലടക്കം നിരവധി മുറിവുകളുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തില്‍ യാതൊരു താല്‍പ്പര്യവും കാണിച്ചിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവ് ജോസ് മുഖ്യമന്ത്രിക്കും ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതിനല്‍കുകയും ജനരോഷം ഉയരുകയും ചെയ്തതോടെയാണ് കേസ് തലപൊക്കിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Related posts