ഹിന്ദുസ്ഥാനികള്‍ ഹിന്ദുക്കളാണ്! ഇന്ത്യന്‍ യുവതി മുഹമ്മദിയ ബീഗത്തിന് പാക്കിസ്ഥാനില്‍ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം; യുവതിയെ എത്രയും വേഗം നാട്ടില്‍ എത്തിക്കാന്‍ കേന്ദ്രം

womenന്യൂഡൽഹി: പാക്കിസ്ഥാൻ പൗരനായ ഭർത്താവിന്‍റെ ഭീഷണി നേരിടുന്ന ഇന്ത്യൻ യുവതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹൈദരാബാദ് സ്വദേശിനിയായ മുഹമ്മദിയ ബീഗം എന്ന യുവതിയെ പാക് പൗരനും കുടുംബവും തടവിലാക്കിയിരിക്കുകയാണെന്ന് പിതാവ് മുഹമ്മദ് അക്ബറാണ് വീഡിയോ സന്ദേസത്തിലൂടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചത്. ഇതേത്തുടർന്ന് ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ട സുഷമാ സ്വരാജ് യുവതിയെ എത്രയും വേഗം നാട്ടിൽ എത്തിക്കുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.ഇതേത്തുടർന്ന് ഹൈക്കമ്മീഷൻ അംഗങ്ങൾ മുഹമ്മദിയ ബീഗത്തെ സന്ദർശിച്ചുവെന്നും സുഷമാ സ്വരാജ് ട്വീറ്റിലൂടെ അറിയിച്ചു.

അതേസമയം, യുവതിയുടെ പാസ്പോർട്ടിന്‍റെ കാലാവധി കഴിഞ്ഞെന്ന് ഹൈക്കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പാർസ്പോർട്ട് പുതുക്കി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി യുവതിയെ എത്രയും വേഗം ഇന്ത്യയിൽ തിരികെ എത്തിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ തന്നെ സന്ദർശിച്ചതിനു ശേഷം ഭർത്താവ് മുഹമ്മദ് യൂനിസ് ക്രൂരമായി മർദ്ദിച്ചുവെന്ന് യുവതി മാതാവ് ഹാജിറ ബീഗത്തെ ഫോണിലൂടെ അറിയിച്ചു. മുഹമ്മദിയ ബീഗം ഹിന്ദുസ്ഥാനിയാണെന്നും ഹിന്ദുസ്ഥാനികൾ ഹിന്ദുക്കളാണെന്നും ആരോപിച്ചാണ് മുഹമ്മദ് യൂനിസും വീട്ടുകാരും യുവതിയെ മർദിക്കുന്നതെന്ന് ഹാജിറാ ബീഗം പറഞ്ഞു. നിരന്തരമായ ശാരീരിക- മാനസിക പീഡനങ്ങൾക്ക് ഇരയാകുന്ന തങ്ങളുടെ മകൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

വിവാഹം കഴിഞ്ഞ് 12 വർഷത്തിനു ശേഷമാണ്, ഒമാനിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനിസ് പാക് പൗരനാണെന്ന് വ്യക്തമായതെന്നും മാതാപിതാക്കൾ പറഞ്ഞു. ഒമാൻ സ്വദേശിയാണെന്നു പറഞ്ഞ് ഫോണിലൂടെയാണ് ഇയാൾ തന്‍റെ മകളെ നിക്കാഹ് കഴിച്ചതെന്നും വിവാഹം കഴിഞ്ഞിട്ട് 21 വർഷമായെങ്കിലും ഇതിനിടയിൽ ഒരുതവണ മാത്രമാണ് മകൾ നാട്ടിലെത്തിയതെന്നും ഇവർ വ്യക്തമാക്കി. മുഹമ്മദിയ- യൂനിസ് ദമ്പതികൾക്ക് അഞ്ചു മക്കളുണ്ട്. ഇവരെക്കൂടിനാട്ടിലെത്തിക്കണമെന്നും യുവതിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.

Related posts