കോഴിക്കോട്: നിപ്പ ബാധിച്ച് മൂന്നുപേർ മരിച്ച കുടുംബത്തിലെ ശേഷിക്കുന്ന മകനായ മുത്തലിബിന് ജോലിനൽകാൻ നിർവാഹമില്ലെന്നറിയിച്ച് സർക്കാർ. നവകേരളസദസിൽ നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണ് ആരോഗ്യ കുടുംബക്ഷേമവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യമറിയിച്ചത്.
2018-ലാണ് സൂപ്പിക്കടയിലെ വളച്ചുകെട്ടിയിൽ കുടുംബത്തിലെ മൂസ മുസ്ലിരും മക്കളായ സാലിഹും സാബിത്തും നിപ്പ ബാധിച്ച് മരിച്ചത്. അന്ന് ഡിഗ്രിവിദ്യാർഥിയായിരുന്നു മുത്തലിബ്. മുത്തലിബും ഉമ്മയും മാത്രമാണ് കുടുംബത്തിൽ നിപ്പ ബാധിക്കാതെ രക്ഷപ്പെട്ടത്. സാലിഹ് ബിടെക് പഠനത്തിന് എടുത്ത വിദ്യാഭ്യാസവായ്പ എഴുതിത്തള്ളണമെന്ന കുടുംബത്തിന്റെ ആവശ്യവും നേരത്തേ സർക്കാർ തള്ളിയിരുന്നു.
കോഴ്സ് ഫീസിന്റെ സാങ്കേതികത്വം പറഞ്ഞായിരുന്നു തുക നൽകാനാവില്ലെന്ന് അറിയിച്ചത്. തുടർന്ന് വീട് ജപ്തിഭീഷണിവരെ നേരിട്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന ടി.പി. രാമകൃഷ്ണൻ മുൻപ് വീട് സന്ദർശിച്ചപ്പോൾ വായ്പയുടെ കാര്യം പരിഗണിക്കാമെന്നും ജോലിയുടെകാര്യം പഠനംകഴിഞ്ഞിട്ട് ശരിയാക്കാമെന്നൊക്കെയുള്ള വാഗ്ദാനങ്ങൾ നൽകിയിരുന്നുവെന്ന് മുത്തലിബ് പറയുന്നു.
നവകേരളസദസിൽ ടി.പി. രാമകൃഷ്ണൻതന്നെ നിവേദനം നൽകാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിവേദനം നൽകിയത്. അതിനുള്ള മറുപടിയിലാണ് ജോലിനൽകാൻ നിർവാഹമില്ലെന്ന് സർക്കാർ അറിയിച്ചത്.