പുതിയ ചിത്രം തലൈവൻ തലൈവിയുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി നിത്യ മേനോൻ. വിജയ് സേതുപതി നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്തത് പാണ്ഡിരാജാണ്. ശ്രദ്ധേയമായ നിരവധി റോളുകൾ ചെയ്ത നിത്യയെ സിനിമയ്ക്കു പുറത്ത് ലൈംലൈറ്റിൽ അധികം കാണാറേയില്ല. തുടരെ കുറച്ച് സിനിമ ചെയ്ത് പിന്നീട് ഇടവേളയെടുക്കുന്നതാണ് നിത്യയുടെ രീതി. സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നിത്യ മേനോൻ.
ഒരു പങ്കാളി ഉണ്ടാകുന്നതല്ല ഇപ്പോൾ തന്റെ ജീവിതത്തിലെ പ്രധാന സംഭവമെന്ന് നിത്യാ മേനോൻ പറയുന്നു. എസ്എസ് മ്യൂസിക്കുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്നതിൽ ഞാൻ വളരെ ക്ലിയർ ആണ് ഇപ്പോൾ. സംഭവിക്കാനുള്ളതാണെങ്കിൽ സംഭവിക്കും. എന്റെ ജീവിതത്തിൽ മറ്റ് വിഷയങ്ങൾക്കാണ് ഇപ്പോൾ പ്രാധാന്യം. എന്റെ ഏറ്റവും നല്ല വെർഷൻ ആകാനാണ് ഞാൻ ഇപ്പോൾ നോക്കുന്നത്- നിത്യ വ്യക്തമാക്കി.
റിലേഷൻഷിപ്പുകളിൽ താൻ വേദനിച്ചിട്ടുണ്ടെന്നും നിത്യ പറയുന്നു. എപ്പോഴും ഹേർട്ട് ബ്രേക്കുകൾ ഉണ്ടായിട്ടുണ്ട്. അതും തുടരെ. അത് കൊണ്ടാണ് തനിക്കിപ്പോൾ പങ്കാളിയില്ലാത്തത്. ആ അനുഭവങ്ങളിൽ നിന്ന് ഒരുപാട് പഠിക്കും. ഞാൻ കരുതിയത് പോലെയല്ല ആൾ, ഇങ്ങനെയുമാണ്, ആക്ട് ചെയ്യുകയാണ്, എന്നെ ഉപയോഗിക്കാൻ ശ്രമിക്കുകയാണ് എന്നെല്ലാം കണ്ടപ്പോൾ ഞാൻ തിരഞ്ഞത് തന്നെ തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞു.
തിരിച്ചറിവ് നമ്മളെക്കുറിച്ചായിരിക്കണം. മറ്റൊരാളെക്കുറിച്ച് സംസാരിക്കുന്നതും അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്നെല്ലാം പറയുന്നതും സമയം പാഴാക്കലാണ്. ഇപ്പോൾ എനിക്ക് റിലേഷൻഷിപ്പെന്ന ചിന്തയില്ലെന്നും നിത്യ മേനോൻ പറയുന്നു. താൻ ആരോഗ്യം വളരെ നന്നായി ശ്രദ്ധിക്കുന്ന ആളാണ്. ഏറ്റവും പ്രാധാന്യം ആരോഗ്യത്തിനാണ്. ഫിറ്റ്നെസിന് അല്ല. കുറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. സിനിമകളിൽ നിന്ന് ഇടവേളയെടുക്കുന്ന സമയത്ത് ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ നൽകാറുണ്ട്.
എനിക്ക് സിനിമാ രംഗത്ത് നിന്ന് അർഹതപ്പെട്ട അംഗീകാരം ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. നല്ല ഷോട്ട് ചെയ്താലോ നല്ല വർക്കാണെങ്കിലോ ഒരു നിശബ്ദതയുണ്ടാകും. എന്നാൽ നെഗറ്റിവിറ്റി മാത്രം ഒരുപാട് കേൾക്കും. 90 ശതമാനം നെഗറ്റിവിറ്റിയും ഉണ്ടാക്കിയവയായിരിക്കും. നല്ല കാര്യങ്ങൾ പറയില്ല. എന്നെ പ്രശംസിക്കാൻ വേണ്ടി ഞാൻ ശ്രമിച്ചിട്ടില്ല. ദേശീയ അവാർഡ് കിട്ടിയത് ഏറ്റവും വലിയ അംഗീകാരമായിരുന്നു. ദേശീയ അവാർഡ് ലഭിക്കുന്നത് വരെ അംഗീകാരം ലഭിക്കാതെ പിടിച്ച് വയ്ക്കുന്നത് പോലെ തോന്നിയിരുന്നു. അവാർഡ് ലഭിച്ചപ്പോൾ എനിക്ക് വാലിഡേഷൻ ലഭിച്ചെന്ന് തോന്നിയെന്നും നിത്യ മേനോൻ പറയുന്നു.
ഒറ്റക്കുട്ടിയായ എനിക്ക് സഹോദരങ്ങൾ വേണമെന്ന് തോന്നിയിരുന്നു. ചെറുപ്പത്തിൽ എനിക്കൊരു സഹോദരനെ വേണമെന്ന് ഞാൻ അച്ഛനോടും അമ്മയോടും ഒരുപാട് പറഞ്ഞിട്ടുണ്ട്. ഒരുപാട് കരഞ്ഞ് പറഞ്ഞു. എന്നെ സംരക്ഷിക്കാൻ ഒരു ചേട്ടനുണ്ടായിരുന്നെങ്കിൽ നന്നായേനേ എന്ന് തോന്നിയിട്ടുണ്ട്. ചേട്ടനെ തരാൻ പറ്റില്ലെന്ന് അച്ഛനും അമ്മയും പറഞ്ഞു. എന്നാൽ ഒരു അനിയനെ താ എന്ന് പറഞ്ഞ് ഞാൻ കരഞ്ഞിട്ടുണ്ടെന്നും നിത്യ മേനോൻ കൂട്ടിച്ചേർത്തു.