കടയിലെ വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കി നന്മമരമായ നൗഷാദിന്റെ പുതിയ കടയുടെ ഉദ്ഘാടനത്തിന് കളക്ടര്‍ എത്തിയില്ല; എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ചടങ്ങ് ആഘോഷമാക്കി…

കൊച്ചി ബ്രോഡ്‌വേയിലുള്ള വഴിയോര കച്ചവടകേന്ദ്രത്തിലെ മുഴുവന്‍ വസ്ത്രങ്ങളും ദുരിത ബാധിതര്‍ക്ക് ചാക്കുകളില്‍ നിറച്ചുനല്‍കി മലയാളികളുടെ ഹൃദയം കീഴടക്കിയ നൗഷാദിന്റെ പുതിയ കടയുടെ ഉദ്ഘാടനം കെങ്കേമമായി. കൊച്ചിയില്‍ തുറന്ന പുതിയ കടയുടെ ഉദ്ഘാടനത്തിന് എത്താമെന്ന് ഏറ്റിരുന്ന ജില്ലാ കളക്ടര്‍ക്ക് വരാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് കടയുടെ ഉദ്ഘാടനം നടത്തുകയായിരുന്നു.

കേരളത്തെ പേമാരി വിഴുങ്ങിക്കൊണ്ടിരിക്കെ ആളുകള്‍ക്ക് സഹായം നല്‍കാന്‍ കുറച്ച് മടിയുണ്ടായിരുന്ന സമയത്താണ് എല്ലാവര്‍ക്കും സത്പ്രവര്‍ത്തിയുടെ പാഠം പകര്‍ന്നുനല്‍കികൊണ്ട് നൗഷാദ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് സ്വന്തം കട തുറന്ന് കൊടുത്തത്. വഴിയോരത്ത് കച്ചവടം നടത്തിയിരുന്ന നൗഷാദ് പ്രളയമെത്തും മുമ്പ് തന്നെ കൊച്ചി ബ്രോഡ്വേയില്‍ ഒരു കട തുറക്കാനുള്ള പദ്ധതിയിലായിരുന്നു. പുതിയ സ്റ്റോക്ക് എത്തിയതോടെയാണ് ഈ കട ഉദ്ഘാടനം ചെയ്തത്.

ഉദ്ഘാടന ദിവസം തന്നെ, നേരത്തെ നൗഷാദിന് പാരിതോഷികമായി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ ചെക്കുമായി സാധനങ്ങള്‍ വാങ്ങിക്കാന്‍ വിദേശ മലയാളിയായ അഫി അഹമ്മദ് കൂടി എത്തിയതോടെ ആദ്യ വില്‍പനയും തകര്‍ത്തു. അഫിയുടെ പാരിതോഷികം പ്രളയബാധിതര്‍ക്ക് വസ്ത്രങ്ങളായി സമ്മാനിക്കാമെന്ന് നൗഷാദ് തന്നെയാണ് അന്ന് നിര്‍ദേശിച്ചത്. ഇതുപ്രകാരമാണ് അഫി അഹമദ് ഉദ്ഘാടന ദിവസം തന്നെ കടയിലേക്ക് എത്തിയത്.

ഈ സമ്മാനത്തോടൊപ്പം നൗഷാദിനേയും കുടുംബത്തേയും ദുബായിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട് അഫി അഹമദ്. നൗഷാദിന്റെ നിര്‍ദേശപ്രകാരം ഇദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ഒരു ലക്ഷം രൂപ കൈമാറും. മൂന്ന് ഷര്‍ട്ടുകള്‍ക്ക് ആയിരം രൂപ എന്ന ഓഫറിലാണ് നൗഷാദിന്റെ കടയിലെ വില്‍പ്പന. താന്‍ മരിക്കുംവരെ ഈ തെരുവില്‍ തന്നെ വ്യാപാരിയായി ഉണ്ടാകുമെന്നാണ് നൗഷാദ് പറയുന്നത്. മുമ്പ് സൗദിയില്‍ പ്രവാസിയായിരുന്ന ഇദ്ദേഹം സ്വദേശിവത്കരണം ശക്തമായതോടെ നാട്ടിലേക്ക് തിരിച്ചെത്തി തുണിക്കച്ചവടം ആരംഭിക്കുകയായിരുന്നു.

Related posts