കോഴിക്കോട്: ഡിജിറ്റല്‍ കറന്‍സി ഇന്വെസ്റ്റ്മെന്റിലൂടെയും ട്രേഡിംഗിലൂടെയും ലാഭം നേടിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് 36 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ആദ്യ അറസ്റ്റ്. പരാതിക്കാരന്റെ അക്കൗണ്ടില്‍നിന്നു നേരിട്ടു പണം എത്തിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയായ ആലപ്പുഴ പഴവീട് ജിതേഷ് ബാബു (50)നെയാണ് കോഴിക്കോട് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കൂടുതല്‍ ലാഭം നേടിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചും ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച പണം എത്തിയത് ഇയാളുടെ അക്കൗണ്ടിലേക്കാണ്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളിലൂടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിച്ചേരുന്ന വലിയ തുകുകള്‍ പണമായി മാറ്റുന്ന സംഘത്തില്‍പ്പെട്ട ആളാണോ ഇയാള്‍ എന്നത് കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാക്കാന്‍ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.
കംബോഡിയ തട്ടിപ്പ് സംഘവുമായി ബന്ധമുള്ളതായി മനസിലാക്കിയ ഈ ഓണ്‍ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് തട്ടിപ്പു കേസിന്റെ ആദ്യ തലത്തിലാണ് ഒരു കേരള അക്കൗണ്ട് വന്നത്. പണം വാഗ്ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകള്‍ ശേഖരിച്ചു ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ക്ക് നല്കുന്ന സംഘങ്ങള്‍ ഇതിന്റെ പിന്നില്‍ ഉണ്ടോ എന്നു പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
വാട്സാപ്, ടെലിഗ്രാം വഴി ബന്ധപ്പെട്ട് ഡിജിറ്റല്‍ കറന്‍സി പ്ലാറ്റ് ഫോമിന്റെതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ വെബ്സൈറ്റ് വഴി നിക്ഷേം നടത്തിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് 36 ലക്ഷത്തോളം രൂപയാണ് സംഘം തട്ടിയത്.

