കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ കണ്ണൂര്‍ സ്വദേശിക്ക് 80.78 ലക്ഷം രൂപ നഷ്ടമായ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സൈബര്‍ പോലീസ്. പ്രതികളുടെ അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേതാണെന്ന് സൈബര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
വാഴക്കാല കെന്നഡിമുക്കില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി എം.ജെ. ജോസിനാണ് വ്യാജ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം നഷ്ടമായത്. ഓഗസ്റ്റ് 26 മുതല്‍ ഒക്ടോബര്‍ ഏഴുവരെ 11 തവണയായി 69,65,000 രൂപയും ഭാര്യയുടെ അക്കൗണ്ടില്‍നിന്ന് നാലുതവണയായി ആറുലക്ഷം രൂപയും ഭാര്യയുടെ പേരിലുള്ള മറ്റൊരു അക്കൗണ്ടില്‍നിന്ന് രണ്ടുതവണയായി 5,13,000 രൂപയുമാണ് പ്രതികള്‍ കൈക്കലാക്കിയത്.
പ്രതികള്‍ കൈമാറിയ 11ഓളം അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിച്ചതെന്ന് പരാതിയില്‍ പറയുന്നു. വലിയ ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയ ശേഷം പണം കൈക്കലാക്കുകയായിരുന്നു.