കോട്ടയം: ഉദാത്തവും മാതൃകാപരവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ തലമുറകളുടെ മനസുകളില്‍ ആരാധ്യനായി നിലകൊണ്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വേര്പാടിന് ഇന്ന് രണ്ട് വര്‍ഷം. ജനനായകന് അന്ത്യനിദ്രയുറങ്ങുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് ഇന്നു രാവിലെ മുതല്‍ അനുയായികളുടെയും ആരാധകരുടെയും അണമുറിയാത്ത പ്രവാഹമാണ്. അര നൂറ്റാണ്ട് ഉമ്മന്‍ ചാണ്ടി നേതാവായി നിലകൊണ്ട പുതുപ്പള്ളിയില്‍ രാഷ്ട്രീയ സാമുദായ രംഗത്തെ മുന്നിരയുള്പ്പെടെ പതിനയ്യായിരത്തിലേറെപ്പേരാണ് സംഗമിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലേക്ക് എത്തുന്നവരില്‍ ഖദറിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, ഉപകാര സമര്പ്പകനായ ആ മനുഷ്യസ്നേഹിയില്നിന്നും കൈയും മനവും നിറയെ സഹായങ്ങള്‍ ലഭിച്ച അനേകരുണ്ടായിരുന്നു. കിടപ്പാടം വാങ്ങാനും വീടുവയ്ക്കാനും ചികിത്സിക്കാനും പഠിക്കാനും ഉമ്മന്‍ ചാണ്ടി നിമിത്തമായ പാവങ്ങളും പാര്ശ്വവത്കരിക്കപ്പെട്ടവരുമുണ്ടായിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം സംസ്കരിച്ചതിനുശേഷം ദിവസം നൂറു പേരെങ്കിലും കബറിടത്തില്‍ ആദരവര്‍പ്പിക്കാന്‍ എത്താറുണ്ട്. അവര്‍ക്കൊക്കെ അവിസ്മരണീയമായ പല കടപ്പാടുകളും അയവിറക്കാനുമുണ്ട്. അരനൂറ്റാണ്ട് പുതുപ്പള്ളിയുടെ വിലാസമായിരുന്നു ആറേ കാല് അടി തലപ്പൊക്കത്തില്‍ ജനങ്ങള്‍ക്കു നടുവില്‍ നിലകൊണ്ട കരോട്ടുവള്ളക്കാലില്‍ ഉമ്മന്‍ ചാണ്ടി.
എംഎല്‍എ പദവിയില്‍നിന്നു മുഖ്യമന്ത്രിപദവിയിലും കോണ്‍ഗ്രസിന്റെ ദേശീയ നേതൃപദവിയിലും എത്തിയപ്പോഴൊക്കെ ആള്‍ക്കൂട്ടത്തിനും അനുയായികള്‍ക്കും നടുവിലായിരുന്നു ജീവിതം. ചെറിയവരെ വലിയവനായി കാണാനുള്ള വിശാലമനസും വിഷമിക്കുന്നവരെ അറിഞ്ഞു സഹായിക്കാനുള്ള നിസ്വാര്‍ഥതയും ആവലാതികളുമായി വരുന്നവരുടെ പാർട്ടിയും മറ്റു വേർതിരിവുകളും നോക്കാതെ അവരോടു സഹവര്‍ത്തിത്വം കാണിക്കാനുമുള്ള ഉമ്മന്‍ ചാണ്ടിയുടെ മനസ് കരുണയും സ്നേഹവും നിറഞ്ഞതായിരുന്നു.
ബിസ്കറ്റ് കൊറിച്ച് പച്ചവെള്ളം കുടിച്ച് ആള്‍ക്കൂട്ടത്തിനു നടുവില്‍ അക്ഷോഭ്യനായിനിന്ന് സങ്കടഫയലുകള് നോക്കി ആവലാതികള്‍ക്കു പരിഹാരമുണ്ടാക്കിയ ആ ജനസമ്പര്‍ക്കപരിപാടി കേരള ചരിത്രത്തിലെ മഹാസംഭവമായിരുന്നു. പ്രതിയോഗികള്‍ കൂരമ്പുകളും കടുത്ത വ്യക്തിഹത്യയും ചൊരിഞ്ഞപ്പോഴൊക്കെ ദൈവത്തിന്റെ കോടതി എല്ലാം തെളിയിക്കുമെന്ന് അദ്ദേഹം വിധിയെഴുതി. അവസാനം സത്യം തെളിഞ്ഞപ്പോള്‍ പുതുപള്ളി സെന്റ് ജോര്‍ജ് പള്ളിയുടെ കല്‍ക്കുരിശില്‍ എണ്ണത്തിരി കത്തിച്ച് അഗ്നിശുദ്ധി വരുത്തിയ നിമിഷവും ആരോപങ്ങളുന്നയിച്ചവരെ അധിക്ഷേപിക്കാനോ ആക്ഷേപിക്കാനോ ഉമ്മന്‍ ചാണ്ടി തയാറായില്ല.
പുതുപള്ളിയിലെ കുടുംബ വീട്ടില്‍ ഒരു പകല്‍ നീളുന്ന ഞായര്‍ ദര്‍ബാറുകളിലെ ജനാവലിക്കു നടുവില്‍ അക്ഷോഭ്യനായിരുന് സങ്കടഹര്ജികളില് തീര്‍പ്പുണ്ടാക്കിയ സമര്‍പ്പിത ജനസേവകനെ ആരും മറക്കില്ല, ആ സമര്‍പ്പണം കാലത്തിനു മായിക്കാനുമാകില്ല. മുഖ്യമന്ത്രിയായിരിക്കെ വഴിയോരത്തു നില്ക്കുന്ന പരിചയക്കാരനരുകില് ഒന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ നിറുത്തി അവരുടെ ക്ഷേമം അന്വേഷിക്കുകയും ഞായാറാഴ്ചകളില്‍ പുതുപള്ളി പള്ളിയുടെ മോണ്ടളനടയില് മടികാലിട്ടിരുന്ന് കുര്‍ബാനയില്‍ പങ്കെടുക്കുകയും ഓശാനപ്പെരുനാളില് കുരുത്തോലയുമായി അയല്‍ക്കാര്‍ക്കൊപ്പം നാട്ടുവിശേഷം പറഞ്ഞു കാല്‍നടയായി വീട്ടിലേക്കു പോകുകയും ചെയ്തിരുന്ന മുഖ്യമന്ത്രി വേറെയാരുണ്ട്.
കെഎസ്യുവിന്റെ നീലക്കൊടിയില്‍ തുടങ്ങി കോണ്‍ഗ്രസിന്റെ ത്രിവര്ണക്കൊടിയിലേക്കുള്ള രാഷ്ട്രീയപ്രയാണം കഠിനാധ്വാനത്തിന്റെയും സമര്പ്പണത്തിന്റെതുമായിരുന്നു. ജില്ലാ കമ്മിറ്റിക്കും ഇലക്ഷന് ചര്‍ച്ചകള്‍ക്കും ശേഷം നട്ടപ്പാതിരാവില്‍ കോട്ടയത്തുനിന്നു പുതുപ്പള്ളിവരെ തിരിവെട്ടത്തില്‍ നടന്നുപോയിരുന്ന അപൂര്മൊരു രാഷ്ട്രീയക്കാരന്.
ഒരാളുടെ മരണം കാലത്തെയും ലോകത്തെയും അടയാളപ്പെടുത്തുമെന്നത് എത്രയോ ശരി. രണ്ടു വര്‍ഷം മുന്‍പ് ഖദറുടുപ്പിനു മുകളില്‍ കോണ്‍ഗ്രസ് കൊടിയിലെ കൈപ്പത്തി നെഞ്ചോടു ചേര്‍ത്ത് നിശ്ചലനായി കിടന്ന ആരാധ്യനേതാവ്. ആ ഭൗതികശീരം അനന്തപുരിയില്‍നിന്നു കോട്ടയംവരെയെത്തിക്കാന് രണ്ടു പകല്‍ വേണ്ടിവന്നു. ആരാധ്യനായ ഉമ്മന്‍ ചാണ്ടി അനശ്വരായി ജീവിക്കുന്നു, അനേകരുടെ ഓര്‍മത്താളുകളില്‍.