
തലശേരി: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ സ്കൂളിലെ ശുചിമുറിയിൽ അധ്യാപകൻ പീഡിപ്പിച്ചുവെന്ന കേസിലെ സുപ്രധാന തെളിവുകളായ പ്രതിയുടേതുൾപ്പെടെയുള്ള മൊബൈൽ ഫോണുകളുടേയും സിസി ടിവി ദൃശ്യങ്ങളുടേയും ഫോറൻസിക് റിപ്പോർട്ടുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
ഫോറൻസിക് ലാബിലെ സൈബർ വിംഗിന്റെ വിശദമായ പരിശോധനാ റിപ്പോർട്ട് കേസിൽ നിർണായക തെളിവാകും. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്, കണ്ണൂർ നർക്കോട്ടിക് സെൽ എഎസ്പി രേഷ്മ രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
നാലു ദിവസം എഎസ്പി രേഷ്മ രമേശ് പെൺകുട്ടിയോടൊപ്പം ചെലവഴിച്ച് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. നിലവിൽ ഏഴ് മണിക്കൂർ നീണ്ടു നിൽക്കുന്ന ഓഡിയോ റെക്കോർഡും രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന വീഡിയോ റെക്കോഡിംഗും അന്വേഷണ സംഘം നടത്തിക്കഴിഞ്ഞു.
സ്കൂളിലെ അധ്യാപകരുൾപ്പെടെയുള്ളവരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടയിൽ അന്വേഷണ സംഘത്തിലേക്ക് രണ്ടു വിദഗ്ധരെ കൂടി ഉൾപ്പെടുത്തും. കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ട് പ്രമുഖ മനോരോഗ വിദഗ്ധരെ കൂടി അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറങ്ങും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആവശ്യ പ്രകാരമാണ് നടപടി. നിലവിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റും കൗൺസിലേഴ്സും അന്വേഷണ സംഘത്തിലുണ്ട്.
കേസിലെ പ്രതിയായ അധ്യാപകനും ബി ജെ പി നേതാവുമായ കടവത്തൂർ കുറുങ്ങാട്ട് പത്മരാജൻ 90 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഇപ്പോൾ ജാമ്യത്തിലാണുള്ളത്. പത്മരാജന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ ഹൈക്കോടതിയിൽ നൽകിയ ഹർജി 14 ന് കോടതി വീണ്ടും പരിഗണിക്കും.