തൃശൂര്‍: സിപിഎം ഭരിക്കുന്ന പാണഞ്ചേരി സഹകരണ ബാങ്ക് കരുവന്നൂര്‍ മോഡലിൽ അനധികൃത വായ്പകള്‍ നൽകിയെന്ന പരാതികളുയരുന്നു. ആസ്തിയിലും നിക്ഷേപത്തിലും വായ്പയിലും ജില്ലയില്‍ തന്നെ മുന്നിട്ടു നില്ക്കുന്ന പ്രാഥമിക സഹകരണ ബാങ്കുകളിലൊന്നാണിത്.
എന്നാല്‍ സമീപകാലത്തായി വഴിവിട്ട വായ്പകള്‍ കുറേ നല്‍കിയതായി ഓഡിറ്റിംഗില്‍ കണ്ടെത്തി. ഇപ്പോഴത്തെ സിപിഎം പാണഞ്ചേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാങ്ക് പ്രസിഡന്റായിരുന്ന കാലത്താണ് വായ്പകള്‍ കൂടുതലും നല്‍കിയതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഒരേ ആധാരത്തില്‍ വിധവയായ യുവതിക്ക് കോടികളുടെ മൂന്നു വായ്പകള്‍ ഇടവിട്ടു നല്കിയിട്ടുള്ളതായി കണ്ടെത്തി. ഈ യുവതിയുടെ കർഷകനാ യിരുന്ന ഭര്‍ത്താവ് ബാങ്കില്‍ നിന്ന് വന്‍ തുക വായ്പ എടുത്തിരുന്നു.
ഇത് കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാളുടെ മരണത്തെ തുടർന്ന് തിരിച്ചടവു മുടങ്ങി. എന്നിട്ടും വിധവയായ ഈ യുവതിക്ക് ഓരോ കോടി വീതം രണ്ടു തവണ കൂടി വായ്പ നല്കിയത്രേ. മൂന്നു കോടി രൂപ കുടിശിക വരുത്തി വര്‍ഷങ്ങളായിട്ടും ഒരു പൈസ പോലും തിരിച്ചടച്ചിട്ടില്ലെന്ന് സഹകരണ വിഭാഗം ഓഡിറ്റിംഗില്‍ കണ്ടെത്തി.
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രദേശത്തുള്ളവര്‍ക്കു മാത്രമേ വായ്പ അനുവദിക്കാന്‍ പാടുള്ളൂ എന്നാണ് ബാങ്കിന്റെ നിയാവലി. എന്നാല്‍ പാണഞ്ചേരിയില്‍ താമസിക്കുന്നു എന്ന പേരില്‍ പാലക്കാട് ജില്ലയുള്ള സ്ഥലത്തിന്റെ ഈടില്‍ ബ്ലേഡ് കമ്പനി നടത്തിപ്പുകാര്‍ക്ക് രണ്ടു കോടി രൂപ വായ്പ കൊടുത്തതിനും വര്‍ഷങ്ങളായി തിരിച്ചടവില്ല.
പട്ടിക്കാട് താണിപ്പാടത്തിനടുത്ത് 25 ലക്ഷം രൂപപോലും മതിപ്പുവിലയില്ലാത്ത പാറക്കെട്ടു നിറഞ്ഞ സ്ഥലത്തിന് അഞ്ചു വര്‍ഷം മുമ്പ് ഒരു കോടി രൂപ വായ്പ നല്കിയതും കിട്ടാക്കടമായി അവശേഷിക്കുന്നു.
സംസ്ഥാനത്ത് നാല് എയ്ഡഡ് സ്കൂളുകള്‍ നഷ്ടത്തിലെന്ന് പറഞ്ഞ് മാനേജ്മെന്റ് വില്പനക്കു വച്ചപ്പോള്‍ അവ പ്രഫ. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായിരിക്കെ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തിയിരുന്നു. പാണഞ്ചേരി പഞ്ചായത്തിലെ കണ്ണാറ എയുപിഎസ്, കുട്ടികള്‍ കുറഞ്ഞ് അടച്ചുപൂട്ടേണ്ട ഘട്ടമായപ്പോള്‍ പാണഞ്ചേരി സഹകരണ ബാങ്കാണ് ഏറ്റെടുത്തത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണ സ്ഥാപനം മൂന്നു കോടി രൂപക്ക് വിദ്യാലയം ഏറ്റെടുത്തത്. രണ്ടേക്കര്‍ സ്ഥലവും കെട്ടിടങ്ങളും എന്നാണ് ആധാരത്തിലെങ്കില് പിന്നീട് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അളപ്പിച്ചപ്പോള് അരയേക്കര്‍ ഭൂമി കുറവാണെന്നു കണ്ടെത്തി.
ബന്ധപ്പെട്ടവരോട് വിശദീകരണം ആരാഞ്ഞപ്പോള്‍ സ്ഥലം അളക്കാതെയാണ് സ്കൂള്‍ വാങ്ങിയതെന്നായിരുന്നു മറുപടി.വായ്കള് അനുവദിച്ചതിലും സ്കൂള്‍ വാങ്ങിയതിലുമെല്ലാം വന്‍ സാമ്പത്തിക അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ ഇടപാടുകള്‍ ഇ ഡി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതു താല്പര്യ പരാതിയും അയച്ചിട്ടുണ്ട്.
പിന്നീടു വന്ന പ്രസിഡന്റ് കിട്ടാക്കടങ്ങള്‍ കുറേയൊക്കെ പിരിച്ചെടുത്തുവെങ്കിലും കരുവന്നൂര്‍ മോഡലില്‍ കോടികള്‍ വായ്പയായി തട്ടിയ വന്‍സ്രാവുകളെ തൊടാനായിട്ടില്ല. ബാങ്കില്‍ നടന്ന കരുവന്നൂര്‍ മോഡല്‍ അനധികൃത വായ്പാ ഇടപാട് സംബന്ധിച്ച് ഇഡി അന്വേഷണം വരുമോ എന്ന് ആശങ്കയിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും സഹകാരികളും.
സ്വന്തം ലേഖകന്‍