കൊച്ചി: സംസ്ഥാനത്ത് പെന്‍ഷന്‍കാരെ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് വര്‍ധിക്കുന്നു. കേന്ദ്ര പെന്ഷന് ആവശ്യമായ ജീവന് പ്രമാണ് പത്രയുടെ പേരിലാണ് തട്ടിപ്പ്. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ എങ്ങനെ കൈക്കലാക്കുന്നുവെന്നതിനെക്കുറിച്ച് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.
പെന്‍ഷന്‍കാര്‍ക്ക് ഇത്തരത്തില്‍ പണം നഷ്ടമായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ ജീവന് പ്രമാണ് പത്രയില്‍ നിന്നാണെന്ന് പറഞ്ഞ് പെന്‍ഷന്‍കാരെ ഫോണില്‍ ബന്ധപ്പെടും. പെന്‍ഷന്‍കാരുടെ നിയമന തീയതി, വിരമിക്കല്‍ തീയതി, പെന്ഷന് പെയ്മെന്റ് ഓര്‍ഡര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, മറ്റു വിവരങ്ങള്‍ മുതലായവ ധരിപ്പിച്ച് വിശ്വാസം നേടിയെടുക്കുന്നു.
ഇതിനുശേഷം ജീവന്, പ്രമാണ് പത്ര പുതുക്കുന്നതിനായി ഫോണില്‍ ലഭിച്ച ഒടിപി പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെടും. തട്ടിപ്പുകാര്‍ ആദ്യം പറഞ്ഞ വിവരങ്ങള്‍ ശരിയായതിനാല്‍ പെന്‍ഷന്‍കാര്‍ മറ്റ് സംശയങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഒടിപി നല്‍കും. ഇതോടെ തട്ടിപ്പ് സംഘങ്ങള്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും പണം അപ്പോള്‍ തന്നെ പിന്‍വലിക്കും. അക്കൗണ്ടില്‍നിന്ന് പണം നഷ്ടമാകുമ്പോള്‍ മാത്രമാണ് പലരും തട്ടിപ്പില്പ്പെട്ടുവെന്ന കാര്യം മനസിലാക്കുന്നത്.
ഫോണില്‍ വിളിക്കില്ല
പെന്ഷന് തുടര്‍ന്നും ലഭിക്കുന്നതിനായി ജീവന് പ്രമാണ് പത്ര പുതുക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിക്കുകയോ ഓണ്‍ലൈനായി ബന്ധപ്പെടുകയോ ചെയ്യില്ലെന്ന് പെന്ഷന് ഡയറക്ടറേറ്റില്‍ നിന്ന് മുന്നറിയിപ്പുണ്ട്. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെടാം. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനുള്ളില്‍ പരാതി നല്കിയാല് നഷ്ടമായ പണം തിരിച്ചു പിടിക്കാനാകും. അല്ലെങ്കില്‍ https://cybercrime.gov.in/ എന്ന വെബ്സൈറ്റ് മുഖേനയോ സൈബര്‍ പോലീസിനെ വിവരം അറിയിക്കാം.
സ്വന്തം ലേഖിക