മൊബൈല്‍ ഫോണുകളുടെ കാലഘട്ടമാണല്ലൊ ഇപ്പോള്‍. അനവധി നിരവധി മോഡല്‍ ഫോണുകള്‍ നിത്യേന വിപണിയില്‍ എത്തുന്നു. എല്ലാക്കാര്യങ്ങളെ പോലെ ഇതിനും ഗുണവും ദോഷവുമുണ്ട്.
അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു ദോഷം ആളുകള്‍ തമ്മില്‍ നേരിട്ടുള്ള സംഭാഷണം കുറഞ്ഞെന്നുള്ളതാണ്. കുശലാന്വേഷണങ്ങളുടെ സ്ഥാനത്ത് ഫോര്‍മല്‍ ആയി ഒന്നുരണ്ട് വാക്കുകള്‍ സംസാരിച്ചാലായി. അതുമാത്രമല്ല പലരും ഈ ഫോണില്‍ മുഴുകിയാണ് വഴിയിലൂടെ ഒക്കെ നടക്കുക.
ഇപ്പോഴിതാ ഇത്തരത്തില്‍ ഫോണ്‍ കാരണം ഒരു യുവതിക്ക് സംഭവിച്ച അമളി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഇന്തോനേഷ്യയിലെ ഒരു പെട്രോള്‍ പമ്പില്‍ നിന്നുള്ള രംഗങ്ങളാണുള്ളത്.
ദൃശ്യങ്ങളില്‍ വെള്ള ടോപ്പും കറുത്ത പാന്റും ധരിച്ച ഒരു യുവതി തന്റെ പങ്കാളിയുടെ ഇരുചക്രവാഹനത്തില്‍ പെട്രോള്‍ പമ്പില്‍ എത്തുന്നു. ഈ സമയം മുന്നില്‍ മറ്റൊരു യുവാവും ബൈക്കുമായി നില്ക്കുന്നു.
ബൈക്കുകള്‍ പെട്രോള്‍ അടിക്കുമ്പോള്‍ യുവതി ഫോണിലാണ്. അതേ സമയം ആദ്യത്തെ ബൈക്ക് ഇന്ധനം നിറച്ചശേഷം മുന്നോട്ട് എടുക്കുന്നു. ഈ സമയം യുവതി ആ ബൈക്കില്‍ കയറി ഇരിക്കുന്നു. തനിക്ക് ബൈക്ക് മാറി എന്നത് അറിയാതെയാണ് യുവതി ഇരിക്കുന്നത്.
അവളുടെ കൂട്ടുകാരന് ഓടിവന്നു തോളില്‍ തട്ടുമ്പോഴാണ് തനിക്ക് വാഹനം മാറി എന്ന വിവരം അവള് മനസിലാക്കുന്നത്. ഉടനടി ചാടിയിറങ്ങി ഓടി കൂട്ടുകാരന്റെ ബൈക്കില്‍ കയറുന്നു. ഈ സമയം അപരിചിതനായ ബൈക്കുകാരന് പോകുന്നു.
യുവതിയുടെ കൂട്ടുകാരന് അല്പം അസ്വസ്ഥനാണെന്ന് ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. “സാങ്കേതികവിദ്യ നമ്മുടെ അടുത്ത ചുറ്റുപാടുകളില്‍ നിന്ന് നമ്മുടെ ശ്രദ്ധ തിരിക്കുന്നതിന്റെ ഒരുദാഹരണം’ എന്നാണൊരാള്‍ കുറിച്ചത്.