ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പിഎച്ച്ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽവച്ച് പിഎച്ച്ഡി വിദ്യാർഥിനിയായ ജീൻ ജോസഫാണ് എതിർപ്പ് പരസ്യമാക്കിയത്.
തമിഴ്നാട് ഗവർണർ ആർ.എൻ രവിയിൽ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാൻ വിസമ്മതിച്ച ജീൻ ജോസഫ് സർവകലാശാല വൈസ് ചാൻസലർ എം. ചന്ദ്രശേഖറിൽ നിന്നാണ് ബിരുദം സ്വീകരിച്ചത്.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആർ.എൻ. രവി തമിഴ്നാടിനും സംസ്ഥാനത്തെ ജനങ്ങൾക്കും എതിരാണ്. അദ്ദേഹം തമിഴ് ജനതയ്ക്കായി ഒന്നും ചെയ്തിട്ടില്ല. അതിനാൽത്തന്നെ അദ്ദേഹത്തിൽ നിന്ന് ബിരുദം സ്വീകരിക്കാൻ ആഗ്രഹമില്ല എന്ന് ജീൻ ജോസഫ് പറഞ്ഞു.
ഓരോരുത്തരായി ഗവർണറിൽ നിന്നും ബിരുദം സ്വീകരിച്ചുകൊണ്ടിരിക്കെ ഗവർണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്കാണ് ജീന്‍ ജോസഫ് നീങ്ങുന്നത്.
ഗവർണറിൽ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് ചെവിക്കൊള്ളാതെയാണ് വിദ്യാർഥിനിയുടെ നടപടി. വേണ്ട എന്ന രീതിയിൽ തലയാട്ടി വൈസ് ചാൻസലറിൽ നിന്നും ബിരുദം സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പെൺകുട്ടി സ്റ്റേജ് വിട്ടുപോകുകയായിരുന്നു.