കൊല്ലം: കൊല്ലം കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യാത്രക്കാരെയും ഓട്ടോറിക്ഷയും ഇടിച്ചു തെറിപ്പിച്ച് ഉണ്ടായ അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം.ബസ് കാത്ത് നിന്ന രണ്ടു യുവതികളാണ് മരിച്ചത്. പനവേലി സ്വദേശിനികളായ നേഴ്സ് സോണിയ (40), ശ്രീക്കുട്ടി (23) എന്നിവരാണ് മരിച്ചത്. സോണിയ സംഭവ സ്ഥലത്ത് വെച്ചും ശ്രീക്കുട്ടി കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിക്കുമാണ് മരണപ്പെട്ടത്.
അപകടത്തിൽ ഒരാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. പിക്കപ്പ് വാൻ ഇടിച്ചു തെറിപ്പിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ വിജയനെ തിരുവനതപുരം എസ് പി പോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാവിലെ ആറേമുക്കാലോടെയാണ് അപകടം. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന രണ്ട് യുവതികളെയും സ്റ്റാൻഡിൽ കിടന്ന ഓട്ടോറിക്ഷയും പിക്കപ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
മരിച്ച സോണിയയും ശ്രീകുട്ടിയും പനവേലി സ്വദേശിനികളാണ്. അപകടം നടന്ന ശേഷം അരമണിക്കൂറോളം ആംബുലൻസ് കിട്ടാതായി. ഇതിനാൽ ശ്രീക്കുട്ടി മരിക്കും മുൻപ് അര മണിക്കൂറോളം റോഡിൽ തന്നെ കിടന്നു. ആംബുലൻസ് കിട്ടാൻ വൈകിയതാണ് ശ്രീക്കുട്ടിയുടെ ജീവൻ കൂടി നഷ്ടപ്പെടാൻ കാരണമാക്കിയത്. സോണിയ ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
അപകടത്തിന് ശേഷം വാൻ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമം നടത്തി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതികളെ ഇടിച്ച ശേഷം മുന്നോട്ട് പോയി വാൻ ഓട്ടോയിലിടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവർ വിജയൻറെ കാൽ ഒടിഞ്ഞ നിലയിലാണ്.
സോണിയയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പനവേലി ഷാൻ നിവാസിൽ ഷാനിന്റെ ഭാര്യയാണ് സോണിയ. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നേഴ്സ് ആണ്. ഷാൻ സി ഐ ടി യു വിന്റെ ലോഡിങ് തൊഴിലാളിയാണ്. മരണപ്പെട്ട ശ്രീക്കുട്ടി കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കി വരുകയായിരുന്നു.