നീതി നൽകാത്ത ബജറ്റ..! സഹകരണ ബാങ്കുകളെ പരിഗണിച്ചില്ല, കേരളത്തിന് നീതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി

pinarailതിരുവനന്തപുരം: സംസ്ഥാനത്തിന് നീതി നൽകാത്ത ഒരു കേന്ദ്രബജറ്റാണ് പാർലമെന്‍റിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ട് റദ്ദാക്കലിനെത്തുടർന്ന് ദേശീയതലത്തിലുണ്ടായ സാന്പത്തിക മരവിപ്പ് മറികടക്കാനുള്ള ഒരു നടപടിയും കേന്ദ്ര ബജറ്റിലില്ല. ബജറ്റിൽ ഉൾപ്പെടുത്താനായി പ്രീബജറ്റ് ചർച്ചാഘട്ടത്തിൽ കേരളം മുൻപോട്ടുവെച്ച നിർദേശങ്ങൾ ബജറ്റിൽ പരിഗണിച്ചില്ലെന്നും പിണറായി ആരോപിച്ചു.

നോട്ട് റദ്ദാക്കലും അനുബന്ധ നടപടികളും സംസ്ഥാന സഹകരണമേഖലയെ കടുത്ത വിഷമത്തിലാക്കിയിരുന്നു. നിയന്ത്രണങ്ങൾ നീക്കാനും സഹകരണബാങ്കുകൾക്ക് ഇതര വാണിജ്യ ബാങ്കുകൾക്കുള്ളതിനു തുല്യമായ സ്വാതന്ത്ര്യം അനുവദിച്ചുനൽകാനും വേണ്ട നിർദേശങ്ങൾ കേരള സർക്കാർ മുന്പോട്ടുവെച്ചിരുന്നു. ഇത് ബജറ്റിൽ പരിഗണിച്ചില്ല.

സഹകരണമേഖലയെ സാധാരണാവസ്ഥയിലേക്കു കൊണ്ടുവരാനും സഹകരണമേഖലയിലെ വായ്പയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ആശ്വാസമരുളാനുമുള്ള നിർദേശങ്ങളാണ് നിരാകരിക്കപ്പെട്ടത്. നോട്ട് റദ്ദാക്കൽ കൊണ്ട് സംഭവിച്ച മരവിപ്പ് പല മേഖലകളിലെയും തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ, തൊഴിലുറപ്പു പദ്ധതികൾ ഫലപ്രദമാക്കാൻ തക്കവിധമുള്ള വർധന ബജറ്റിൽ ഇല്ല പിണറായി പറഞ്ഞു.

സംസ്ഥാനങ്ങളുടെ വായ്പാപരിധി മൊത്തം വരുമാനത്തിന്‍റെ മൂന്നുശതമാനം മാത്രം എന്ന് ധനകാര്യ ഉത്തരവാദിത്വ നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. നോട്ട് റദ്ദാക്കൽ നടപടികൊണ്ടുണ്ടായ വൈഷമ്യം കൂടി പരിഹരിച്ച് ഒരു ശതമാനം കണ്ട് വായ്പാപരിധി ഉയർത്തണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യവും പരിഗണിച്ചില്ല. ന്യായയുക്തമായ സഹായവില ഉറപ്പാക്കിക്കൊണ്ടും ഇറക്കുമതിച്ചുങ്കം കൂട്ടിക്കൊണ്ടും റബ്ബർ വിലസ്ഥിരത ഉറപ്പാക്കി റബ്ബർ കർഷകരെ സഹായിക്കണമെന്ന കേരളത്തിന്‍റെ ആവശ്യവും കേന്ദ്രം പരിഗണിച്ചില്ല.

എയിംസിന്‍റെ കാര്യത്തിൽ ഗുജറാത്തിനെയും ജാർഖണ്ഡിനെയും പരിഗണിച്ചപ്പോൾ കേരളത്തെ ഒഴിവാക്കിയത് ഖേദകരമാണ്. സേവനങ്ങളെല്ലാം ആധാർ അധിഷ്ഠിതമാവുന്പോൾ ആധാർ പരിധിയിൽ വരാത്ത കോടിക്കണക്കിനാളുകൾ ക്ഷേമ പദ്ധതികൾക്ക് പുറത്താകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമുണ്ട്.

ജിഎസ്ടി വരുന്പോൾ സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കുമെന്നു പറയുന്ന ധനമന്ത്രി ബജറ്റിൽ അതിനായി പണമൊന്നും നീക്കിവെച്ചിട്ടില്ല. സാമൂഹ്യക്ഷേമ രംഗങ്ങളിൽ മുന്നിലാണ് എന്നതിനാൽ കേരളം ശിക്ഷിക്കപ്പെടുന്ന സ്ഥിതിയുണ്ട്. മുന്നിലായ രംഗങ്ങളിലേക്കൊന്നും കേന്ദ്രം പണം തരുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.

സ്വഛ് ഭാരത് പോലെ കൊട്ടിഘോഷിച്ച പരിപാടികൾക്ക് കാര്യമായ ഒരു തുകയും നീക്കിവെച്ചിട്ടില്ല. ഹരിതകേരളം പോലുള്ള പ്രത്യേക പദ്ധതികളുമായി മുന്പോട്ടുപോവുന്ന സംസ്ഥാനത്തെ പ്രത്യേകമായി പരിഗണിക്കേണ്ടതായിരുന്നു. കർഷകരാകെ ഭീകരമായ കടബാധ്യതയിൽ വിഷമിക്കുന്ന ഘട്ടത്തിൽ ഒരു കടാശ്വാസപദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല. കൃഷി, ഉൽപാദനം, സേവനം എന്നീ മേഖലകളെ സഹായിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക പ്രഖ്യാപനമോ പാക്കേജോ ഈ ബജറ്റിൽ ഉണ്ടായിട്ടില്ല മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Related posts