കേരളാ പോലീസ് മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയും ട്രോളിത്തുടങ്ങിയെന്ന് സോഷ്യല്‍മീഡിയ! ഹര്‍ത്താലനുകൂലികളുടെ ‘വിവാദ ഓട്ട’ത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന വൈറല്‍

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് അയ്യപ്പ കര്‍മ സമിതിയും ബിജെപിയും ചേര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് സംസ്ഥാനത്തുടനീളം അരങ്ങേറിയത്. നിരത്തിലിറങ്ങിയ വാഹനങ്ങളെയും ആളുകളെയും കടകള്‍ തുറന്ന വ്യാപാരികളെയും ഹര്‍ത്താലനുകൂലികള്‍ വെറുതെ വിട്ടില്ല.

എന്നാല്‍ മലപ്പുറം എടപ്പാള്‍ പോലുള്ള ചില സ്ഥലങ്ങളില്‍ ഹര്‍ത്താലനുകൂലികളെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് തല്ലിയോടിക്കുന്ന രംഗങ്ങളും മാധ്യമങ്ങളിലൂടെ ലോകം കണ്ടു. അതുപോലെ തന്നെ പോലീസിനെ കണ്ട് ചിതറിയോടുന്ന പ്രവര്‍ത്തകരുടെയും പോലീസിന് പിടി കൊടുക്കാതെ ജീവനും കൊണ്ട് പായുന്നവരുടെയും ചിത്രങ്ങളും മലയാളികള്‍ക്ക് കൗതുകമായി.

നൂറുകണക്കിന് ട്രോളുകളാണ് ഇത്തരം ചിത്രങ്ങളെയും വീഡിയോയെയും ആധാരമാക്കി ട്രോളന്മാരും പൊതുജനവും ചേര്‍ന്ന് ഈ ദിവസങ്ങളില്‍ പുറത്തിറക്കിയതും. എന്നാലിപ്പോള്‍ ഈ വിഷയത്തില്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരിക്കുന്ന ട്രോള്‍ പ്രസ്താവനയാണ്.

‘ വാളുയര്‍ത്തി പിടിച്ച് നാട്ടുകാരെ ആക്രമിക്കാന്‍ ചെന്നവര്‍ ജീവനും കൊണ്ട് ഓടുന്ന കാഴ്ച നമ്മള്‍ കണ്ടില്ലേ, ഇത്രയേയുള്ളൂ ഇവരുടെ വീരശൂരപരാക്രമണം’. മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി കളിയില്‍ കാര്യമൊളിപ്പിച്ച് ഇക്കാര്യം പറഞ്ഞത്.

ശബരിമലയില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതികള്‍ കയറിയതിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതിന് ഒരു തടസവുമില്ലെന്ന് ബി.ജെ.പി നേതാവ് തന്നെ പറഞ്ഞ് കഴിഞ്ഞു.

പിന്നെന്തിനാണ് ഈ രണ്ട് ദിവസം കേരളത്തിലെമ്പാടും അക്രമങ്ങള്‍ നടത്തിയത്. എത്ര പാര്‍ട്ടി ഓഫീസ് തകര്‍ത്തു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണമല്ലേ ഉണ്ടായത്. ആളുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. കേരളത്തില്‍ പ്രശ്നമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നില്‍. കെ.എസ്.ആര്‍.ടി.സി നമ്മുടെ നാട്ടില്‍ വലിയ പ്രയാസങ്ങള്‍ നേരിടുന്ന പൊതുമേഖലാ സ്ഥാപനമാണ്.

എത്രകോടി രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയ്ക്കുണ്ടായത്. അക്രമികള്‍ക്ക് പൊതുജനപിന്തുണയില്ല. ചിലയിടങ്ങളില്‍ കുറച്ച് കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ തന്നെ സംഘടിച്ചു വന്നു. അങ്ങനെ വാളുയര്‍ത്തി പിടിച്ച് നാട്ടുകാരെ ആക്രമിക്കാന്‍ ചെന്നവര്‍ ഓടുന്ന കാഴ്ച നമ്മള്‍ കണ്ടില്ലേ. അത്രയേയൊള്ളൂ ഇവരുടെ ശൂരവീരപരാക്രമം. നാട്ടുകാരൊന്ന് ആഞ്ഞ് ഇവര്‍ക്ക് നേരെ ചെന്നപ്പോള്‍ ഓടുന്ന കാഴ്ചയാണ് കണ്ടത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts