കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ വീണ്ടും കെ.ടി. ജലീല്‍. പി.കെ. ഫിറോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിക്കുന്നു എന്നാണ് ജലീലിന്റെ ആരോപണം. പരമ്പരാഗതമായി ഫിറോസിന് സ്വത്തോ ജോലിയോ ഇല്ല. പാര്‍ട്ടി എന്തെങ്കിലും ധന സഹായം നല്‍കിയതായും അറിവില്ല. പിന്നീട് എങ്ങനെ ഇത്രയധികം സ്വത്ത് സമ്പാദിച്ചു എന്ന് അന്വേഷിക്കണമെന്നും ജലീല്‍ വ്യക്തമാക്കി. വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് ജലീല്‍ പരാതി നല്‍കിയതായി ‘കൂലിയും വേലയുമില്ലാത്ത ലക്ഷപ്രഭു’ എന്ന തലക്കെട്ടില്‍ കെ.ടി.ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
എട്ടുവര്‍ഷക്കാലമായി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ യുവജന സംഘടനയായ മുസ്ലിം യൂത്ത് ലീഗിന്റെ കേരള സ്റ്റേറ്റ് ജനറല്‍ സെക്രട്ടറിയാണ് പി.കെ. ഫിറോസ്. അതിനു മുമ്പ് പത്ത് വര്‍ഷം മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ ജില്ലാ-സംസ്ഥാന ഭാരവാഹിത്വവും വഹിച്ചിരുന്നു. അദ്ദേഹത്തിന് പരമ്പരാഗത സ്വത്തോ സ്വന്തമായി ജോലിയോ ഉള്ളതായി അറിയില്ല. നിയമബിരുദം എടുത്തിട്ടുണ്ടെങ്കിലും ഫിറോസ് അഭിഭാഷകവൃത്തി തൊഴിലായി സ്വീകരിച്ചതായും പറഞ്ഞു കേട്ടിട്ടില്ല. ഉപജീവനത്തിന് പാര്‍ട്ടി എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കുന്നതായി അറിവുമില്ല.
2011ല്‍ വിലപിടിപ്പുള്ള 12.5 സെന്റ് സ്ഥലം വാങ്ങിയപ്പോള്‍ ആധാരത്തില്‍ ബിസിനസ് എന്നാണ് ചേര്‍ത്തിരുന്നത്. അന്നും ഇന്നും അദ്ദേഹം നടത്തുന്ന ബിസിനസുകള്‍ ദുരൂഹമാണെന്നും ജലീല്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വരവില്‍ കവിഞ്ഞ സ്വത്ത് ഫിറോസ് സമ്പാദിച്ചതായി കാണാമെന്ന് ജലീല്‍ ചൂണ്ടിക്കാട്ടി. കുടുംബ സ്വത്ത് അനന്തരമായി കിട്ടാന്‍ ഫിറോസിന്റെ പിതാവ് ഒരു സമ്പന്നനല്ലെന്നും അദ്ദേഹം കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ഡ്രൈവറാണെന്നും ജലീല്‍ വ്യക്തമാക്കി.
പതിനഞ്ചു സെന്റ് സ്ഥലവും ഒരു കൊച്ചുവീടുമാണ് കുടുംബ സ്വത്തായി ഉള്ളതെന്നും അതാകട്ടെ ഭാഗം വെച്ചിട്ടുമില്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.പി.കെ ഫിറോസിന്റെ സാമ്പത്തിക വളര്‍ച്ചയുടെ ദുരൂഹത നിലനില്‍ക്കെയാണ് മയക്കുമരുന്ന് കേസില്‍ അദ്ദേഹത്തിന്റെ സഹോദരന് പി.കെ ജുബൈര്‍ പോലീസ് പിടിയിലാകുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. കണ്ണു ചിമ്മി തുറക്കുന്ന വേഗതയില്‍ കോടികളുടെ സമ്പാദ്യത്തിന്റെ ഉടമയായി മാറിയ പൊതുപ്രവര്ത്തകന് കൂടിയായ പി.കെ. ഫിറോസിന്റെ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദനം സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യം.