കോഴിക്കോട്: നിരവധി കേസുകളിലെ പ്രതി പോലീസുകാരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഒടുവില്‍ ഏറെ സാഹസികമായി പോലീസ് പ്രതിയെ കീഴടക്കി. പന്നിയങ്കര നായ്പാലം കാഞ്ഞിരവയല്‍ അര്‍ജാസ് (28)ആണ് പിടിയിലായത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കണ്ണഞ്ചേരിയിലാണ് സംഭവം. ലഹരി ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ സിറിഞ്ചുമായി അര്‍ജാസ് ഓടിരക്ഷപെടാന്‍ ശ്രമിച്ചു. പോലീസ് പിന്തുടര്ന്നപ്പോള് കണ്ണഞ്ചേരിയിലുള്ള ഇറച്ചിക്കടയിലേക്ക് ഓടിക്കയറിയ അര്‍ജാസ് അവിടെ നിന്നും കത്തി എടുത്ത് പോലീസുകാരെ ആക്രമിക്കുകയായിരുന്നു. എഎസ്ഐ ബാബുവിന്റെ തലയ്ക്കാണ് കുത്തേറ്റത്.
സിവില്‍ പോലീസ് ഓഫീസര്‍ ശരത്ലാലിനും പരിക്കുണ്ട്. കത്തി ഉപയോഗിച്ച് കൂടുതല്‍ ആക്രമണം നടത്താന്‍ അര്‍ജാസ് തുനിഞ്ഞപ്പോള്‍ പന്നിയങ്കര സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ അര്‍ജാസിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. അര്ജാസിനെതിരേ വധശ്രമത്തിന് കേസെടുത്തതായും പ്രദേശത്തെ ലഹരി ഇടപാടിനു പിന്നിലെ പ്രധാന കണ്ണിയാണ് അര്‍ജാസ് എന്നും പോലീസ് അറിയിച്ചു. പഞ്ചഗുസ്തി ചാമ്പ്യനായ അര്‍ജാസിനെ ഏറെ ശ്രമകരമായാണ് പോലീസ് കീഴടക്കിയത്.