കോയന്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ മധ്യവയസ്കൻ പോലീസ് സ്റ്റേഷനിൽ ജീവനൊടുക്കി. കോയമ്പത്തൂർ സിറ്റിയിലെ ബി1 ബസാർ പോലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലെ സബ് ഇൻസ്പെക്ടറുടെ മുറിയിലാണ് സംഭവം. രാമചെട്ടിപാളയം കാമരാജ് നഗർ സ്വദേശി രാജൻ(55) ആണ് മരിച്ചതെന്ന് കോയമ്പത്തൂർ സിറ്റി പോലീസ് അറിയിച്ചു.
അവിവാഹിതനായ രാജൻ തന്റെ സഹോദരി വീരമണിക്കും വൃദ്ധയായ അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി രാജൻ മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് സഹോദരി പറയുന്നു. ചൊവ്വാഴ്ച രാത്രി 11:24 ഓടെ പോലീസ് സ്റ്റേഷനിലെത്തിയ രാജൻ, തന്നെ കൊല്ലാൻ 25 പേർ പിന്തുടരുകയാണെന്ന് ഉദ്യോഗസ്ഥരോടു പറഞ്ഞു.
പോലീസ് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി പരിശോധിച്ച ഉദ്യോഗസ്ഥർക്ക് ആരെയും കണ്ടെത്താനായില്ല. തുടർന്ന് രാജന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ ഉദ്യോഗസ്ഥൻ അദ്ദേഹത്തെ പുറത്തേക്ക് കൊണ്ടുപോയി. എന്നാൽ പോലീസുകാർ കാണാതെ ഒന്നാം നിലയിലെ സബ് ഇൻസ്പെക്ടറുടെ മുറിയിൽ കയറിയ രാജൻ തൂങ്ങിമരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ എട്ടോടെ സെന്തിൽ കുമാർ എന്ന പോലീസുകാരനാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്.