കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനും നഷ്ടപരിഹാരത്തിനുമായി കലൂരിലെ സ്ഥിരം അദാലത്ത് ഓഫീസിൽ അപേക്ഷിക്കാനെത്തുന്നവർക്ക് നൽകുന്നത് അടുത്ത വർഷത്തെ തീയതി. 2020 മാർച്ചിൽ നടക്കുന്ന അദാലത്തിൽ അപേക്ഷയുമായെത്താനുള്ള ടോക്കണ്‍ ആണ് ഇന്നലെ അദാലത്ത് ഓഫീസിൽ നിന്ന് കൈമാറിയത്. 40,000 ത്തോളം അപേക്ഷകൾ പ്രതീക്ഷിക്കുന്ന അദാലത്തിന്റെ ആദ്യ സിറ്റിംഗ് 25ന് നടക്കും.
രണ്ടാഴ്ച മുന്‍പാണു പ്രളയ ദുരിതാശ്വാസത്തിനും നഷ്ടപരിഹാരത്തിനായുള്ള അന്തിമ അദാലത്തിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. ജില്ലാ കളക്ടർ അധ്യക്ഷനായുള്ള ജില്ലാ ദുരന്തനിവാരണ അഥോറിറ്റി നടത്തിയ ഒന്നാംഘട്ട അദാലത്തിലെ ഉത്തരവുകളിൽ ആക്ഷേപമുള്ളവരാണ് അപ്പീൽ അപേക്ഷ നൽകുന്നത്. എറണാകുളത്തും പറവൂരുമായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഇതുവരെ 10000 ലേറെ അപേക്ഷകൾ സ്വീകരിച്ചുകഴിഞ്ഞു.
ഇന്നലെ മാത്രം ആയിരത്തോളം അപേക്ഷകരാണ് അപേക്ഷാഫോറം കൈപ്പറ്റി മടങ്ങിയത്. ഇവരോട് അടുത്ത മാർച്ച് 15 മുതൽ 18 വരെയുള്ള തീയതികളിൽ അദാലത്തിൽ പങ്കെടുക്കാനാണ് ടോക്കണ്‍ നൽകിയിരിക്കുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴികെയുള്ള പ്രവൃത്തിദിവസങ്ങളിലാണ് അദാലത്ത് നടക്കുക. 25ന് ആദ്യഅപേക്ഷ പരിഗണിക്കും.
ഒരു ജഡ്ജിയും രണ്ട് ഉദ്യോഗസ്ഥരും അടങ്ങിയ സമിതിയാണ് അപേക്ഷകൾ പരിശോധിക്കുന്നത്. ദിവസം 70 അപേക്ഷകൾ മാത്രമേ പരിഗണിക്കൂ. അതിനാലാണ് അവസാനം എത്തിയവർക്ക് അടുത്ത വർഷത്തെ തീയതി നൽകിയത്. അധികമായി ജഡ്ജിമാരെ നിയോഗിച്ച് കൂടുതൽ അപേക്ഷകൾ പരിഗണിക്കാനായാൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കുറയ്ക്കാനാകുമെന്ന് ലീഗൽ സർവീസ് അഥോറിറ്റി പറയുന്നു. മാർച്ചിൽ സാന്പത്തിക വർഷം അവസാനിക്കുമെന്നതിനാൽ നഷ്ടപരിഹാരത്തുക വൈകുമെന്ന ആശങ്കയിലാണ് അവസാനം അപേക്ഷ നല്കിയവർ.