ബംഗളൂരു: കർണാടകയിൽ യുവാവിനെ ഭാര്യയുടെ കാമുകൻ കൊലപ്പെടുത്തി. ബംഗളൂരുവിലാണ് സംഭവം. വിജയകുമാർ(39) ആണ് കൊല്ലപ്പെട്ടത്.
വിജയ കുമാറിനെ ബാല്യകാല സുഹൃത്തായ ധനഞ്ജയ ആണ് കൊലപ്പെടുത്തിയത്. ഇരുവരും 30 വർഷത്തോളമായി സുഹൃത്തുക്കളായിരുന്നു.
ബംഗളൂരുവിലെ മഗഡിയിലാണ് ഇരുവരും വളർന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്തിരുന്ന വിജയകുമാർ പത്ത് വർഷം മുമ്പ് ആശ എന്ന യുവതിയെ വിവാഹം ചെയ്തിരുന്നു. കാമാക്ഷിപാളയയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്.
തന്റെ ഭാര്യയ്ക്ക് ധനഞ്ജയയുമായി അവിഹിത ബന്ധമുണ്ടെന്ന് അടുത്തിടെ വിജയ കുമാർ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പിന്നീട് വിജയ് ഭാര്യയോടൊപ്പം കടബാഗരെയ്ക്കടുത്തുള്ള മച്ചോഹള്ളിയിലെ ഒരു വാടക വീട്ടിലേക്ക് താമസം മാറി. എന്നാൽ ധനഞ്ജയും ആശയും തമ്മിലുള്ള ബന്ധം തുടർന്നു.
സംഭവദിവസം പകൽ മുഴുവൻ വീട്ടിലുണ്ടായിരുന്ന വിജയ കുമാർ വൈകുന്നേരം വീട്ടിൽ നിന്നും പുറത്തിറങ്ങി. പിന്നീട് ഇയാളെ മച്ചോഹള്ളിയിലെ ഡിഗ്രൂപ്പ് ലേഔട്ട് പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മദനായകനഹള്ളി പോലീസ് ആശയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽപോയ ധനഞ്ജയയെ പോലീസ് അന്വേഷിച്ചുവരികയാണ്.