കുമരകം: ഭാരതത്തിന്റെ പ്രഥമ വനിതയെ സ്വീകരിക്കാന്‍ വിനോദസഞ്ചാര കേന്ദ്രമായ കുമരകം അണിഞ്ഞൊരുങ്ങുന്നു. 23നു വൈകുന്നേരം കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നു കാര്‍ മാര്‍ഗം കുമരകം താജ് ഹോട്ടലിലേക്ക് യാത്ര ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിത്തുടങ്ങി.
ഇല്ലിക്കല്‍ പാലം മുതല്‍ കവണാറ്റിന്‍കര വരെയുള്ള റോഡിലെ കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. റോഡരികിലെ കാടുവെട്ടി വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. വഴിവിളക്കുകള്‍ പ്രവര്‍ത്തന സജ്ജമാക്കി വരികയാണ്.
പാലങ്ങളും കലുങ്കുകളും പെയിന്റ് ചെയ്തു ഭംഗിയാക്കും. പാലങ്ങളിലെല്ലാം റിഫ്ലക്ടറുകള്‍ സ്ഥാപിക്കും. മൂന്നു വര്‍ഷങ്ങളായി കുമരകം നിവാസികള്‍ അനുഭവിച്ചു കൊണ്ടിരുന്ന യാത്രാ ദുരിതത്തിനു കാരണമായ കോണത്താറ്റുപാലത്തിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗതം അനുവദിച്ചതും പ്രസിഡന്റിന്റെ ആഗമനം മുന്നില്‍ കണ്ടാണ്.
വൈദ്യുതി
വൈദ്യുതിവിതരണം കുറ്റമറ്റതാക്കാന്‍ ബോര്‍ഡ് മുന്നൊരുക്കങ്ങള്‍ നടത്തിവരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു ദിവസം വൈദ്യുതി വിതരണം മുടക്കി ചെങ്ങളം സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തി. നിലവില്‍ ഉള്ള ഫീഡര്‍ തകരാറിലായാല്‍ സമാന്തര ഫീഡര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം സജ്ജമാക്കി.
ഇതും തകരാറിലായാല്‍ കല്ലറ സബ് സ്റ്റേഷനില്‍നിന്നു തലയാഴം വഴിയുള്ള ഫീഡര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പ്രകൃതിക്ഷോഭം മൂലം ലൈനില്‍ തകരാറുകള്‍ സംഭവിച്ചാല്‍ ഉടന്‍ പരിഹാരം കാണാന്‍ 22, 23 തീയതികളില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും.
ആരോഗ്യം
കുമരകം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രത്യേക വിവിഐപി അത്യാഹിത എസി മുറി ഒരുക്കി. ഡപ്യൂട്ടി ഡിസ്ട്രിക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍മാരുടെ സംഘത്തിന് നേതൃത്വം നല്‍കും. എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ ആംബുലന്‍സുകളും തയാറാക്കുന്നുണ്ട്.
താമരക്കുളം
പ്രസിഡന്റ് വിശ്രമിക്കുന്ന താജ് ഹോട്ടലിന് സമീപത്തെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ താമരക്കുളം മനോഹരമാക്കും. ഗവേഷണ കേന്ദ്രത്തിന്റെ കവാടത്തില്‍ പ്രധാന റോഡരികിലാണ് നയന മനോഹര താമരക്കുളം.
കുമരകം സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ് ഈ താമരക്കുളം. രണ്ട് വര്‍ഷം മുമ്പ് കുമരകത്ത് നടന്ന ജി – 20 ഉച്ചകോടിയില്‍ സംബന്ധിച്ച വിദേശ പ്രതിനിധികളുടെ മനംകവര്‍ന്ന കാഴ്ചയായിരുന്നു ദീപാലംകൃതമായ താമരക്കുളം.