കോഴിക്കോട്: നിലമ്പൂര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.വി. അന്‍വറിന്റെ പ്രസ്താവനകളോടു പ്രതികരിക്കേണ്ടെന്ന് കോൺഗ്രസ് നേതാക്കള്‍ക്ക് കെപിസിസി നിര്‍ദേശം. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിനെ നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞെന്നും ഇനി തെരഞ്ഞെടുപ്പ് വിജയത്തിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകണമെന്നും മറ്റുകാര്യങ്ങള്‍ നേതാക്കള്‍ ഏറ്റുപിടിക്കേണ്ടെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പി.വി. അന്‍വറുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അത് അദ്ദേഹം ചെയ്തുകൊള്ളുമെന്നും ഡിസിസി നേതൃത്വത്തെ കെപിസിസി നേതൃത്വം അറിയിച്ചു. അന്‍വറുമായുള്ള ചര്‍ച്ചകള്‍ക്ക് യുഡിഎഫ് നിയോഗിച്ചത് വി.ഡി. സതീശനെയായിരുന്നു.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് അന്‍വര്‍ ഉയര്‍ത്തിയ സമ്മര്‍ദം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടാണ് സതീശൻ സ്വീകരിച്ചത്. അതേസമയം പി.വി. അന്‍വറിനെ യുഡിഎഫുമായി സഹകരിപ്പിക്കുമെന്നു നേരത്തെതന്നെ വാക്കുനല്കിയതാണെന്നും അക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നുമാണ് അറിയുന്നത്.
എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാകാൻ നീക്കം നടത്തിയെന്നടക്കമുള്ള പി.വി. അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. അൻവർ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഉന്നയിച്ച വിഷയങ്ങൾ യുഡിഎഫ് ചർച്ച ചെയ്യും. അൻവറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പാർട്ടി പറയും.
നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. നിലമ്പൂർ യുഡിഎഫിന്റെ തട്ടകമാണ്. ഇവിടെ ഉണ്ടായ എല്ലാ വികസനവും തന്റെ പിതാവ് കൊണ്ടുവന്നതാണ്. കഴിഞ്ഞ രണ്ട് ടേമിലെ വികസന മുരടിപ്പും വന്യമൃഗ ആക്രമണവും എല്ലാം ജനങ്ങളുടെ മുന്നിലുണ്ട്. കോൺഗ്രസ് എല്ലാ മുന്നൊരുക്കവും നടത്തി തെരഞ്ഞെടുപ്പിന് ഇറങ്ങിയിരിക്കുകയാണ്. നിലമ്പൂരിൽ ജീവിക്കുന്ന തന്നെക്കുറിച്ച് നാട്ടുകാർക്ക് അറിയാമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
- സ്വന്തം ലേഖകന്‍