സൗത്ത് കളമശേരിയിലെ ‘കുടവയറന്‍’ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ ക്യൂ ആര് കോഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ നാലംഗ സംഘം അറസ്റ്റില്‍.
കോഴിക്കോട് എടക്കുളം കുട്ടനാടത്ത് വീട്ടില്‍ റൂബിന് രാജ് (19), തിരുവനന്തപുരം നെയ്യാറ്റിന്കുളങ്ങര മനക്കുളത്ത് മേലേ വീട്ടില്‍ വിശാഖ്(24), കോഴിക്കോട് പുക്കാട് പറമ്പില്‍ വീട്ടില്‍ അജ്സല്‍ അമീന് (20), കോഴിക്കോട് കൊയിലാണ്ടി പള്ളിപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അനസ് (18) എന്നിവരെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ഉടമ നൗഫലിന്റെ പരാതിയിലാണ് അറസ്റ്റ്.
ഭക്ഷണം കഴിച്ചതിന്റെ ബില്ല് 985 രൂപയായിരുന്നു. ഭക്ഷണം കഴിച്ച ശേഷം കൗണ്ടറില്‍ എത്തിയ സംഘം ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് പേയ്മെന്റ് നടത്തുന്നതായി ഭാവിച്ചു. ഇവരില്‍ ഒരാളുടെ ഫോണിലേക്ക് പണം അടച്ചതിന്റെ ശബ്ദം കേള്‍പ്പിക്കുകയും ഹോട്ടലുകാര്‍ പറഞ്ഞ തുക പോയതായി ഫോണില്‍ കാണിക്കുകയും ചെയ്തു. ശബ്ദം കേള്‍ക്കുകയും ഫോണില്‍ തുക കാണിക്കുകയും ചെയ്തപ്പോള്‍ തിരക്കിനിടയില്‍ കടയുടമ ശ്രദ്ധിച്ചില്ല. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

