ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ നാദിര്‍ഷയ്ക്കു ‘ബിപി’ കൂടി; നാദിര്‍ഷയെ പരിശോധിക്കാന്‍ ഡോക്ടര്‍മാരുടെ സംഘം പോലീസ് ക്ലബിലെത്തി; ചോദ്യം ചെയ്യല്‍ അവതാളത്തില്‍

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബില്‍ രാവിലെ ഒമ്പതരയ്ക്ക് എത്തിയ നാദിര്‍ഷയെ അറസ്റ്റു ചെയ്യാന്‍ സാധ്യതയില്ലെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലാകുന്നതിനു മുമ്പ് നാദിര്‍ഷയെയും ദിലീപിനെയും ഒരുമിച്ചിരുത്തിയും വെവ്വേറെയും ചോദ്യം ചെയ്തിരുന്നു. ദിലീപ് അറസ്റ്റിലായതിനു ശേഷം പലരുടെയും മൊഴി അന്വേഷണ സംഘം സ്വീകരിച്ചിരുന്നു. നാദിര്‍ഷയുടെ മൊഴികള്‍ ഇതിനു വിരുദ്ധമാണെന്നു മനസിലാക്കിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങിയത്.എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ചോദ്യം ചെയ്യല്‍ നടപടിക്രമം പൂര്‍ത്തിയായപ്പോഴേക്കും നാദിര്‍ഷയുടെ ആരോഗ്യനില വഷളായതായാണ് വിവരം. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം നാദിര്‍ഷയെ പരിശോധിക്കാനെത്തിയിരിക്കുകയാണ്. ഇതിനാല്‍ തന്നെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അനശ്ചിതത്വത്തിലായിരിക്കുകയാണ്. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ തുകയായി 25,000 രൂപ നാദിര്‍ഷ തനിക്കു കൈമാറിയിരുന്നെന്നു പ്രതിയായ പള്‍സര്‍ സുനി അടുത്തിടെ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയുടെ പശ്ചാത്തലത്തിലാണു നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. നാദിര്‍ഷായില്‍ നിന്ന് ദിലീപിനെതിരായ മൊഴി നേടാനാകും പൊലീസ് ശ്രമം. ഹൈക്കോടതിയുടെ നിരീക്ഷണത്തിലായതു കൊണ്ട് തന്നെ ചോദ്യം ചെയ്യല്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് നാദിര്‍ഷാ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്. മൂന്ന് ടീമുകളായി തിരിഞ്ഞാകും അന്വേഷണ സംഘം നാദിര്‍ഷായെ ചോദ്യം ചെയ്യുക.

പള്‍സര്‍ ജയിലില്‍ നിന്നു വിളിച്ചതു സംബന്ധിച്ച് നാദിര്‍ഷ പറഞ്ഞ മൊഴി കളവാണെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയുടെ സെറ്റില്‍ വെച്ച് എന്തിന് പള്‍സറിന് 25000 രൂപ നല്‍കി എന്നതിനും വ്യക്തത വരേണ്ടതുണ്ട്. പണം നല്‍കിയതു കൂടി തെളിഞ്ഞാല്‍ നാദിര്‍ഷ അകത്തുപോകുമെന്നുറപ്പാണ്. പിന്നെ രക്ഷപ്പെടാനുള്ള ഒരു വഴി ദിലീപിനെ ചാരി രക്ഷപ്പെടുകയാണ്. എന്നാല്‍ സുഹൃത്തിനെ ഒറ്റുകൊടുക്കാന്‍ നാദിര്‍ഷ തയ്യാറാകില്ലയെന്നാണ വിവരം. എന്തായാലും ഇന്ന് ചോദ്യം ചെയ്യല്‍ നടന്നില്ലെങ്കില്‍ നാദിര്‍ഷയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും നീളുമെന്നാണ് വിവരം.

 

Related posts