ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം! അണിഞ്ഞൊരുങ്ങി സുന്ദരിയായി വേദനകളില്ലാത്ത ലോകത്തേക്കു പോയ യുവതിയുടെ കഥ

race600ജനിക്കുന്ന നാള്‍ മുതല്‍  നാം മരണത്തിലേക്ക് ഓരോ ചുവട് വച്ച് അടുത്തു കൊണ്ടിരിക്കുകയാണെന്നതാണ് പരമമായ സത്യം. സുന്ദരമായ ജീവിതം സ്വപ്‌നം കണ്ടിരിക്കുമ്പോഴായിരിക്കും രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണം കടന്നുവരിക. ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കേണ്ട പ്രായത്തില്‍ ജീവിതത്തിലേക്ക് കാന്‍സര്‍ എന്ന വില്ലന്‍ കടന്നു വന്നപ്പോള്‍ തന്നെ ആ 20കാരി ഉറപ്പിച്ചിരുന്നു തന്റെ മരണം സമാഗമമായെന്ന്. പ്രതീക്ഷകള്‍ അവസാനിച്ച ജീവിതം വേദനസംഹാരികളുടെ സഹായത്താല്‍ അല്‍പമൊന്നു വലിച്ചു നീട്ടാന്‍ ശ്രമിക്കുന്ന വേളയില്‍ അവള്‍ തന്റെ സഹോദരിയെ വിളിച്ച് അടുത്തിരുത്തി തന്റെ അന്ത്യാഭിലാഷം അറിയിച്ചു. തനിക്ക് സുന്ദരിയായി മരിക്കണം എന്നായിരുന്നു അവളുടെ അവസാന ആഗ്രഹം.

ബോണ്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നതിനു അഞ്ചു ദിവസം മുന്‍പാണ് സൗത്ത് ഫിലിപൈന്‍സ് സ്വദേശിനിയായ റേസിന്‍ പ്രെഗുണ്ട തന്റെ സഹോദരിയോട് ഇതാവശ്യപ്പെട്ടത്. സൗന്ദര്യത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന റേസിന്‍ മരണത്തേക്കാള്‍ ഭയപ്പെട്ടിരുന്നത് തന്റെ ശരീരസൗന്ദര്യം നഷ്ടമാകുന്നതിനെയായിരുന്നു. എന്നിരുന്നാലും മരണത്തിലും താന്‍ സുന്ദരിയായിരിക്കണമെന്ന് റേസിന്‍ അഗ്രഹിച്ചിരുന്നു. ഏപ്രില്‍ 17നായിരുന്നു റേസിന് മരണം സംഭവിച്ചത്.
race1
തന്റെ അനുജത്തിയുടെ അവസാന ആഗ്രഹം സാധിക്കാന്‍ തന്നെയായിരുന്ന ചേച്ചി റോളിന്റെ തീരുമാനം. മോഡലിങ് രംഗത്ത് സജീവമായിരുന്ന റോളിന്‍ ഉടന്‍ തന്നെ പരിചയത്തിലുള്ള ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കണ്ടെത്തി, തന്റെ സഹോദരിയെ മേക്കപ്പ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ജീവിതത്തില്‍ പലരെയും മേക്കപ്പ് ചെയ്തു സുന്ദരിയാക്കിയിട്ടുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം ജീവനറ്റ ശരീരത്തെ സുന്ദരമാക്കുന്നത് വേദനാജനകമായിരുന്നു. എന്നാല്‍ ആ 20  കാരിയുടെ അന്ത്യാഭിലാഷം എല്ലാവരും ഒരേ പോലെ നെഞ്ചേറ്റി.

വെളുത്ത നിറമുള്ള ശവപ്പെട്ടിക്കുള്ളില്‍ ഒരു മാലാഖയെപ്പോലെ റേസിന്‍ കിടന്നു. ഇളം വെള്ള നിറമുള്ള ഗൗണ്‍ ധരിച്ച റേസിനെ തലയില്‍ വച്ച പൂക്കള്‍ തുന്നിച്ചേര്‍ത്ത ബാന്‍ഡ് കൂടുതല്‍ സുന്ദരിയാക്കി. പുഞ്ചിരിച്ചു കൊണ്ടാണ് അവള്‍ അവസാന നിമിഷം കിടന്നത്. ഒരു മാലാഖ ഉറങ്ങിക്കിടക്കുന്നതായാണ് തോന്നുന്നത് എന്ന് റേസിനെ കണ്ടവരെല്ലാം പറഞ്ഞു. ജീവിച്ചു കൊതി തീരാതെയാണ് തന്റെ അനുജത്തി പോയതെന്നും അവസാന ആഗ്രഹം സാധിച്ചതിന്റെ സന്തോഷമെങ്കിലും അവളുടെ ആത്മാവിനു ഉണ്ടാകട്ടെയെന്നും റോളിന്‍ പറഞ്ഞു. ചത്തു കിടന്നാലും ചമഞ്ഞു കിടക്കണമെന്ന നാടന്‍ ചൊല്ല് അന്വര്‍ഥമാക്കുന്നതായിരുന്നു റേസിന്റെ ആഗ്രഹം.

Related posts