പാലക്കാട്: വിവാദങ്ങൾക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിൽ എത്തിയേക്കും. എന്നാൽ കനത്ത പ്രതിഷേധങ്ങൾ ജില്ലയിലെന്പാടുമുള്ളതിനാൽ രാഹുൽ യാത്ര റദ്ദാക്കുമെന്നും സൂചനകളുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷയാണ് പാലക്കാട് മണ്ഡലത്തിൽ പോലീസ് ഒരുക്കുന്നത്.
ഡിവൈഎഫ്ഐയും ബിജെപിയും വനിതകളെ മുൻനിർത്തി പ്രതിഷേധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ എത്തി ചില സ്വകാര്യ ചടങ്ങുകളിൽ ആദ്യം സജീവമാകാനാണ് രാഹുൽ മാങ്കൂട്ടത്തിൽ ആലോചിക്കുന്നത്.
പുലർച്ചെ നാല് മണിക്ക് രാഹുൽ പാലക്കാട് കാലുകുത്തുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും രാവിലെ നാല് മുതൽ ഇവിടെ കാത്തുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു. രാഹുൽ പാലക്കാടെത്തിയാൽ മണ്ഡലത്തിൽ കാലുകുത്താൻ തങ്ങൾ സമ്മതിക്കില്ലെന്ന് ബിജെപി വനിതാ നേതാക്കളും പ്രതികരിച്ചു.
അതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച് ബിജെപി. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎൽഎ ഓഫീസ് താഴിട്ട് പൂട്ടാൻ ശ്രമിച്ചതോടെയാണ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എംഎൽഎ ഓഫീസ് ഉപരോധിച്ചതും താഴിട്ടുപൂട്ടാൻ ശ്രമിച്ചതും.
സ്ത്രീപീഡന വീരൻ പാലക്കാടിന് വേണ്ട, ഭ്രൂണഹത്യ, സ്ത്രീ പീഡനം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുക തുടങ്ങിയ പോസ്റ്ററുകൾ ഉയർത്തിയായിരുന്നു ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. രാഹുൽ നിയമസഭയിൽ എത്തിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമാണെന്നും ബിജെപി ഒത്തുതീർപ്പിന് തയാറല്ലെന്നും പ്രതിഷേധക്കാർ പ്രതികരിച്ചു.