കൊച്ചി: മൂന്നാം വിവാഹത്തിനൊരുങ്ങുന്ന അന്ധയാചകനു കൗണ്സലിംഗ് നല്കാന് സര്ക്കാരിനു നിര്ദേശം നല്കി ഹൈക്കോടതി. പാലക്കാട് കുറ്റിപ്പുറം സ്വദേശി എന്. സെയ്തലവിക്കെതിരേ മലപ്പുറം സ്വദേശിനി ജുബൈരിയ നല്കിയ ഹര്ജിയിലാണു ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. യാചകനോടു ജീവനാംശം നല്കാന് നിര്ദേശിക്കാനാകില്ലെന്ന കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.
മുസ്ലിം പുരുഷന് ഏതു സാഹചര്യത്തിലും ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിക്കാമെന്നത് ഇസ്ലാമിക നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണെന്നും മതനേതാക്കള് ഉള്പ്പെടെയുള്ളവരുടെ സഹായത്തോടെ വേണം സര്ക്കാര് കൗണ്സലിംഗ് നല്കേണ്ടതെന്നും കോടതി നിര്ദേശിച്ചു.
മതനിയമവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിന്റെ കുറവ് മൂലമാണ് തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില് മുസ്ലിം സമുദായത്തില് ബഹുഭാര്യാത്വം നടപ്പാക്കപ്പെടുന്നതെന്ന് ഖുര്ആന് വചനങ്ങള് ഉദ്ധരിച്ച് കോടതി വ്യക്തമാക്കി.
ആചാരപരമായ നിയമം മാത്രമാണു താന് പാലിക്കുന്നതെന്ന വാദമാണ് ഹര്ജിക്കാരിയുടെ ഭര്ത്താവ് ഉയര്ത്തുന്നത്. എന്നാല്, മുസ്ലിം പുരുഷന് ഏതു സാഹചര്യത്തിലും ഒന്നിലേറെ സ്ത്രീകളെ വിവാഹം ചെയ്യാമെന്നതു തെറ്റിദ്ധാരണയാണെന്ന് കോടതി പറഞ്ഞു.
കാഴ്ച ശക്തിയുള്ള ഹര്ജിക്കാരിയെ കാഴ്ചയില്ലാത്ത ഭർത്താവ് കായികമായി പീഡിപ്പിക്കുന്നുവെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, ത്വലാഖ് ചൊല്ലുമെന്നും മൂന്നാമതും വിവാഹം ചെയ്യുമെന്നുമടക്കമുള്ള ഭീഷണികള് മാനസികമായ പീഡനവും ക്രൂരതയുമാണ്. ഇനിയൊരു സ്ത്രീയെക്കൂടി നിരാലംബയാക്കുന്നതിനു വഴിയൊരുക്കാതെ സാധ്യമെങ്കില് ഇരുവരെയും ഒന്നിപ്പിക്കാന് സര്ക്കാര് ശ്രമം നടത്തണമെന്നും കോടതി നിര്ദേശിച്ചു.