ഭുവനേശ്വർ: വിജിലൻസ് സംഘം പരിശോധനയ്ക്കെത്തിയതിനു പിന്നാലെ 500 രൂപയുടെ നോട്ടുകെട്ടുകൾ ജനാലയിലൂടെ വലിച്ചെറിഞ്ഞ് എൻജിനിയർ. ഒഡീഷ സർക്കാരിലെ ഗ്രാമവികസന വകുപ്പിലെ ചീഫ് എൻജിനിയർ ബൈകുന്ത നാഥ് സാരംഗിയാണ് നോട്ടുകെട്ടുകൾ വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചത്.
ഇയാളിൽനിന്ന് രണ്ട് കോടിയിലധികം രൂപ കണ്ടെടുത്തു. അംഗുലിലെ വിജിലൻസ് സ്പെഷ്യൽ ജഡ്ജി പുറപ്പെടുവിച്ച സെർച്ച് വാറണ്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ഭുവനേശ്വർ, അംഗുൽ, പിപിലി എന്നിവിടങ്ങളിലുള്ള ബൈകുന്ത നാഥ് സാരംഗിയുടെ വിവിധ വസ്തുവകകളിൽ നിന്നായി കണക്കിൽപ്പെടാത്ത 2.1 കോടിരൂപ പിടിച്ചെടുത്തതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഭുവനേശ്വറിലെ ദുംദുമയിലെ ഫ്ളാറ്റിൽ വിജിലൻസ് സംഘം എത്തിയപ്പോഴാണ് പരിഭ്രാന്തനായ ബൈകുന്ത നാഥ് അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞത്.