
കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായത് പിടികിട്ടാപ്പുള്ളി. ആയുധക്കടത്ത്, കൊലപാതകശ്രമം, കവർച്ച, പിടിച്ചുപറി തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ മണിമല കിഴക്കേക്കരയിൽ രമേശ് (മണിമല രമേശൻ-37) നെയാണ് ഇന്നലെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കേരളത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ് രമേശൻ. പോലീസിന്റെ കണ്ണുവെട്ടിച്ച് നടന്ന കൊടുംകുറ്റവാളിയായിയിരുന്നു ഇയാളെന്ന് കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ ഇ.കെ. സോൾജിമോൻ പറഞ്ഞു.
അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കടന്ന് കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് രമേശനെ പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആനക്കല്ല് നെല്ലിമല പുതുപ്പറന്പിൽ ഫൈസൽ എന്ന സിറാജ് (25) പീഡിപ്പിച്ച വിവരം പെൺ കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുമായി പ്രണയം നടിച്ചാണ് സിറാജ് പീഡനത്തിനിരയാക്കിയത്.
കുമരകത്തും, പഞ്ചാലിമേട്ടിലും കുട്ടിയെ കൊണ്ടുപോയി ഇയാൾ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പോക്സോ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് രണ്ടു പ്രതികൾക്കെതിരേയും ചുമത്തിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ്ഐ ടി.ഡി. മുകേഷ്, സിപിഒമാരായ ഷാജി ചാക്കോ, റിച്ചാർഡ് സേവ്യർ, എ.ജെ. ജോണ്സണ്, എസ്. ബിജുമോൻ, റോഷ്ന അലവി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.