കൊച്ചി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസ് അന്വേഷണം ഒഴിവാക്കാന്‍ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യരുടെ വീട്ടില്‍നിന്ന് ലഭിച്ചത് നിര്‍ണായക രേഖകള്‍. വിജിലന്‍സ് നടത്തിയ റെയ്ഡിലാണ് നിര്‍ണായക വിവരങ്ങളടങ്ങിയ ഡയറി ലഭിച്ചത്. ഇഡി സമന്‍സ് നല്കി വിളിപ്പിച്ച 30ലേറെ പേരുടെ വിവരങ്ങള്‍ രഞ്ജിത്തിന്റെ ഡയറിയിലുണ്ട്. കൈക്കൂലി ആവശ്യപ്പെടാനായി തയാറാക്കിവച്ച പട്ടികയാണിതെന്നാണ് വിജിലന്‍സിന്റെ നിഗമനം.
ഇഡി ഓഫീസില്‍ സൂക്ഷിക്കേണ്ട നിര്‍ണായക രേഖകളും രഞ്ജിത്തിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി. ഇയാള്‍ക്ക് രാഷ്ട്രീയ, ബിസിനസ് ബന്ധങ്ങളുണ്ടെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. ഈ ഉന്നത ബന്ധങ്ങള്‍ വഴി മനസിലാക്കുന്ന വിവരങ്ങളും രഞ്ജിത്ത് തട്ടിപ്പിന് ഉപയോഗിച്ചതായും സംശയിക്കുന്നു. സാമ്പത്തിക ആരോപണം നേരിടുന്നവരെക്കുറിച്ചുളള വിവരങ്ങള്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതും രഞ്ജിത്താണ്. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തിയും പലര്‍ക്കും ഇഡി ഉദ്യോഗസ്ഥര്‍ സമന്‍സ് അയച്ചു.
രഞ്ജിത് ഇഡി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും പുറത്തുമുളള ഉന്നത ഇഡി ഉദ്യോഗസ്ഥരുമായും രഞ്ജിത്തിന് അടുത്ത സൗഹൃദമുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. രഞ്ജിത്ത് വാര്യരെ കൂടാതെ കേസുമായി ബന്ധപ്പെട്ട് തമ്മനം സ്വദേശി വില്‍സണ്‍ വര്‍ഗീസ്(36), രാജസ്ഥാന് സ്വദേശി മുകേഷ്കുമാര്‍(55) എന്നിവരെ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക്
ഇഡി ഉദ്യോഗസ്ഥന് പ്രതിയായ കൈക്കൂലി കേസില്‍ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് വിജിലന്‍സ്. അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന് ശേഖര്‍ കുമാറിനെതിരേ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സിന്റെ ശ്രമം. കൈക്കൂലി പണത്തിന്റെ കൈമാറ്റത്തില്‍ ഹവാല ഇടപാടുകളടക്കം നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
ശേഖര്‍ കുമാറിനെതിരേ കര്‍ശന നടപടിക്കൊരുങ്ങി ഇഡി
കേസില്‍ ഒന്നാം പ്രതിയായ ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരേ കര്‍ശന നടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇഡി. ശേഖര്‍ കുമാറിനെ ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയേക്കും. സംഭവത്തില്‍ ഇഡി വകുപ്പുതല അന്വേഷണം ആരംഭിച്ചു. ഒരാഴ്ചയ്ക്കകം ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്സ്മെന്റിന് റിപ്പോര്‍ട്ട് നല്‍കും.
വിജിലന്‍സ് കൈക്കൂലി കേസിലെ പങ്കും, സമന്‍സ് വിവരം ചോര്‍ന്നതുമാണ് ഇഡി സോണല്‍ അഡിഷണല്‍ ഡയറക്ടര്‍ അന്വേഷിക്കുക. കേസ് ഒത്തുതീര്‍പ്പാക്കാനെന്നപേരില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുമായി ഓഫീസിലെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും ഇഡി അന്വേഷണം നടത്തും. കോള്‍ലിസ്റ്റിനൊപ്പം ഉദ്യോഗസ്ഥരുടെ മെയിലുകളും സോഷ്യല്‍മീഡിയ അക്കൗണ്ടുകളും പരിശോധിക്കും. വിജിലന്‍സില്‍നിന്ന് രേഖകള്‍ ലഭ്യമായാല്‍ ഇഡി ആഭ്യന്തര അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്.