ന്യൂഡൽഹി: ബലാത്സംഗക്കുറ്റത്തിന് ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് തുടർച്ചയായി വീണ്ടും പരോൾ. മൂന്നുമാസം മുന്പ് 21 ദിവസത്തെ പരോൾ അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് 40 ദിവസത്തെ പരോൾകൂടി അനുവദിച്ചത്.
ഇന്നു രാവിലെ ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിൽനിന്നു പുറത്തിറങ്ങിയ റാം റഹീം സിർസയിലുള്ള ദേര ആശ്രമത്തിലേക്കു പോയി. 14-ാം തവണയാണ് ഇയാൾക്കു പരോൾ അനുവദിക്കുന്നത്.
റാം റഹീമിന്റെ അനുയായികളായ രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിനാണ് ദേര സച്ചാ സൗദ തലവൻ അകത്താകുന്നത്. 20 വർഷത്തെ തടവുശിക്ഷയാണ് കേസിൽ റഹീമിനു ലഭിച്ചത്. വിവാദ ആൾദൈവം കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ കുറ്റാരോപിതനാണ്. തെളിവുകളുടെ അഭാവത്തിലാണ് ഇയാൾ പല കേസുകളിൽനിന്നും രക്ഷപ്പെട്ടത്.