കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ ഹിരണ്‍ദാസ് മുരളി എന്ന റാപ്പര്‍ വേടന് ചോദ്യം ചെയ്യലിനായി പോലീസിനു മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ 9.30 നാണ് തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ വേടന് ചോദ്യം ചെയ്യലിനായി ഹാജരായത്.
ഇയാളെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി. വേടന് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ ജാമ്യത്തില്‍ വിടും. ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി വേടന് നിര്‍ദേശം നല്‍കിയിരുന്നു.
യുവ ഡോക്ടറെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് കേസ്. 2021 മുതല്‍ 2023 വരെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് യുവ ഡോക്ടറുടെ പരാതി. സംഗീത ഗവേഷക നല്കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസും വേടനെതിരെ കേസ് എടുത്തിരുന്നു. ഈ കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.
ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ വേടനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.