ഉപഭോക്താക്കൾക്ക് ഇനിമുതൽ റേഷൻ കടകളിലെ സ്റ്റോക്കും പരിശോധിക്കാം; സാധനങ്ങൾ കടയിൽ ഉണ്ടായിട്ടും റേഷൻ നിഷേധിച്ചാൽ പരാതി നൽകാം


തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്‍റെ ഭാഗമായി റേഷൻ ഉപഭോക്താക്കൾക്ക് ഇനിമുതൽ തങ്ങളുടെ റേഷൻ കടകളിലെ സ്റ്റോക്കും പരിശോധിക്കാം. പൊതുവിതരണ പോർട്ടലിലാണ് ഈ സേവനം ലഭ്യമാവുക. ഇതിനുള്ള ക്രമീകരണങ്ങൾ ഭക്ഷ്യ വകുപ്പ് പോർട്ടലിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.

http://epos.kerala.gov.in/Stock_Register_Interfaceഎന്ന ലിങ്കിൽ കയറിയ ശേഷം ജില്ല ,താലൂക്ക്, റേഷൻ കടയുടെ നമ്പർ എന്നിവ സെലക്ട് ചെയ്താൽ ആ കടയിലെ റേഷൻ സാധനങ്ങളുടെ ഓരോ മാസത്തെയും സ്റ്റോക്ക് വിവരം ലഭ്യമാക്കും.

എത്ര കിലോ ഭക്ഷ്യധാന്യങ്ങൾ കടയിൽ എത്തിയെന്നും അതിൽ എത്രയൊക്കെ സാധനങ്ങൾ നൽകിയിട്ടുണ്ടെന്ന വിവരവും പട്ടിക തിരിച്ച് ലഭിക്കും. ഇതോടെ കടകളിലെ പൂഴ്ത്തിവെപ്പും മറിച്ചു വിൽപ്പനയും നല്ലൊരു ശതമാനം വരെ തടയാനാകും. സാധനങ്ങൾ കടയിൽ ഉണ്ടായിട്ടും റേഷൻ നിഷേധിച്ചാൽ പരാതി നൽകുകയും ചെയ്യാം.

അതോടൊപ്പം റേഷൻ കടകളിൽ ബ്ലൂടൂത്ത് സംവിധാനത്തോടു കൂടി പ്രവർത്തിക്കുന്ന ഇ-ത്രാസിന്‍റെ പൈലറ്റ് പ്രവർത്തനം തലസ്ഥാനത്ത് ആരംഭിച്ചു. ബ്ലൂടൂത്ത് ഇ_ത്രാസുമായി ഇ-പോസ് യന്ത്രം ബന്ധിപ്പിക്കുന്നതോടെ തട്ടിപ്പുകൾ തടയാനാകും. പദ്ധതി ഉടൻ സംസ്ഥാന തലത്തിൽ നടപ്പാക്കുമെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.

Related posts