മുംബൈ: വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനു പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. പിഴവു വരുത്തിയാൽ കളിക്കാരെ തിരുത്തുമെന്നും പരിശീലക സ്ഥാനത്തിരുന്നു താൻ തബല വായിക്കുകയല്ലെന്നും ശാസ്ത്രി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.
പന്ത് പിഴവുകൾ ആവർത്തിച്ചാൽ ശാസിക്കുമെന്നു താൻ പറഞ്ഞിരുന്നു. ആരെങ്കിലും പിഴവു വരുത്തിയാൽ അവരെ തിരുത്തേണ്ടതു തന്റെ കടമയാണ്. തബല വായിക്കാനല്ലല്ലോ താൻ പരിശീലക സ്ഥാനത്തിരിക്കുന്നത്. പന്ത് ലോകോത്തര നിലവാരമുള്ള താരം തന്നെയാണ്. ഏറ്റവും വിനാശകാരിയായ താരമായി മാറാനുള്ള കഴിവു പന്തിനുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
നല്ലൊരു മാച്ച് വിന്നറാണു പന്ത്. അതുകൊണ്ടുതന്നെ പന്തിന്റെ കാര്യത്തിൽ ക്ഷമയോടെ കാത്തിരിക്കുകയെന്നതാണു നയമെന്നു ശാസ്ത്രി വ്യക്തമാക്കി. തുടർച്ചയായി പരാജയപ്പെടുന്ന പന്തിനെ ടീമിൽനിന്നു നീക്കിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണു രവി ശാസ്ത്രിയുടെ പിന്തുണയറിയിക്കൽ.
നേരത്തെ മോശം ഫോമിലായ പന്തിനെ വിമർശിച്ച ശാസ്ത്രിയെ കുറ്റപ്പെടുത്തി മുൻ താരങ്ങളായ ഗൗതം ഗംഭീറും യുവരാജ് സിംഗും രംഗത്തെത്തിയിരുന്നു. പന്തിനെ കൈയൊഴിയുന്നതിനു പകരം സംസാരിച്ച് ആത്മവിശ്വാസം പകരുകയാണ് ഇന്ത്യൻ പരിശീലകൻ ചെയ്യേണ്ടത് എന്നാണു ഗംഭീറും യുവരാജും പറഞ്ഞത്.