ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇന്നലെയുണ്ടായ സ്ഫോടന സംഭവത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പാക്കിസ്ഥാൻ പാലൂട്ടി വളർത്തുന്ന ഭീകര സംഘടനകളിലേക്കാണ് അന്വേഷണ ഏജൻസികളുടെ നിഗമനമെത്തുന്നത്.
പാക്കിസ്ഥാന്റെ പങ്ക് വ്യക്തമായാൽ ആ രാജ്യത്തിനെതിരേ “ഓപ്പറേഷൻ സിന്ദൂറി’ നേക്കാൾ കൂടുതൽ ശക്തമായ മറുപടി നൽകാൻ ഇന്ത്യ നിർബന്ധിതമാകും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും ചെയ്യും. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് വഷളായ ബന്ധം അതുപോലെ തുടരുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ.
ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണം
ജമ്മുകാഷ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിൽ കഴിഞ്ഞ ഏപ്രിൽ 22ന് ഒരു മലയാളിയുൾപ്പെടെ 26 പേരുടെ ജീവനുകൾ കവർന്ന ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ചിരുന്നു.
40 സിആർപിഎഫ് ഭടന്മാർ കൊല്ലപ്പെട്ട 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിനുശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു ഇത്. പാക് ഭീകരസംഘടനകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ദ റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. എൻഐഎയാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണം പൂർത്തിയാക്കാൻ എൻഐഎയ്ക്ക് 45 ദിവസം കൂടി ജമ്മുവിലെ പ്രത്യേക കോടതി നൽകിയിട്ടുണ്ട്. പഹൽഗാം ആക്രമണത്തിൽ പങ്കാളികളായ മൂന്ന് പാക് ഭീകരരെ ജൂലൈ 28ന് ദച്ചിഗാം വനമേഖലയിൽവച്ച് സുരക്ഷാസേന വധിച്ചിരുന്നു.
ആക്രമണം നടത്തിയ പാക് ഭീകരരെ സഹായിച്ച രണ്ട് തദ്ദേശവാസികളെയും പാക് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയെയും പ്രതിചേർത്താണ് എൻഐഎ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.
ഓപ്പറേഷൻ സിന്ദൂർ
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. മേയ്, ആറ്, ഏഴ് തീയതികളിലായി ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനികനടപടിയുമായി രാജ്യം ശക്തമായ മറുപടി നൽകിയത്.
കര, നാവിക, വ്യോമ സേനകൾ സംയുക്തമായി നടത്തിയ “ഓപ്പറേഷൻ സിന്ദൂറി’ൽ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങളാണു തകർത്തത്. ഇതുകൂടാതെ നിരവധി പാക് സൈനികകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു. ആക്രമണത്തിൽ 200 ഓളം പാക് സൈനികർ കൊല്ലപ്പെട്ടെന്നാണു പിന്നീട് സ്ഥിരീകരിക്കപ്പെട്ടത്.
ഇന്ത്യയുടെ ഭാഗത്താകട്ടെ പാക് ഷെല്ലിംഗിൽ അതിർത്തിഗ്രാമങ്ങളിലെ 13 ഗ്രാമവാസികൾ കൊല്ലപ്പെടുകയും 59 പേർക്കു പരിക്കേൽക്കുകയും ചെയ്തു. “ഓപ്പറേഷൻ സിന്ദൂറി’ൽ എട്ടു വിമാനങ്ങൾ തകർക്കപ്പെട്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചത്. തന്റെ ഇടപെടലിലാണ് സംഘർഷം അവസാനിച്ചതെന്ന് ട്രംപ് പലകുറി ആവർത്തിച്ചെങ്കിലും കേന്ദ്രസർക്കാർ ഇക്കാര്യം സമ്മതിച്ചിട്ടില്ല.
സിന്ധു നദീജല കരാർ
പഹൽഗാം ഭീകരാക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് സിന്ധു നദീജല കരാർ മരവിപ്പിച്ച് പാക്കിസ്ഥാന് തക്കതായ മറുപടി നൽകാൻ ഇന്ത്യ തീരുമാനിച്ചത്. സിന്ധുനദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാക്കിസ്ഥാന് വലിയ തിരിച്ചടിയാണു നൽകിയത്.
ഈ വിഷയത്തിൽ ചർച്ചകൾക്കു താത്പര്യമറിയിച്ച് പാക്കിസ്ഥാൻ ഇന്ത്യക്ക് പലകുറി കത്ത് നൽകിയെങ്കിലും കരാർ മരവിപ്പിച്ച നടപടി തുടരുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഭീകരസംഘടനകളെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാന്റെ സമീപനം അവസാനിപ്പിക്കാതെ ചർച്ചകൾക്കില്ലെന്നും കേന്ദ്രസർക്കാർ പലതവണ വിശദീകരിച്ചിരുന്നു.
ഇതിനിടെ രണ്ടു തവണ ജമ്മുകാഷ്മീരിലെ കനത്ത മഴയെത്തുടർന്ന് ഉണ്ടായേക്കാവുന്ന പ്രളയ മുന്നറിയിപ്പ് പാക്കിസ്ഥാന് നൽകി ഇന്ത്യ മനുഷ്യത്വം പ്രകടിപ്പിക്കുകയും ചെയ്തു.
ഇതുകൂടാതെ ആ രാജ്യവുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിക്കുകയും നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയും വ്യോമപാത അടയ്ക്കുകയും ചെയ്തു. മാത്രമല്ല, ഇന്ത്യയിലെത്താന്‍ പാക് സ്വദേശികള്‍ക്ക് അനുവദിച്ചിരുന്ന വീസകൾ റദ്ദാക്കുകയും ഇന്ത്യക്കാരുടെ പാക്കിസ്ഥാനിലേക്കുള്ള യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
പാക്കിസ്ഥാനുമായുള്ള നേരിട്ടുള്ളതും അല്ലാത്തതുമായ എല്ലാ വ്യാപാരങ്ങളും അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുകയും പാക്കിസ്ഥാനില്‍നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതികൾ നിരോധിക്കുകയും ചെയ്തു.
പഹല്‍ഗാമിലെ സംഭവവികാസങ്ങള്‍ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളോട് വിശദീകരിച്ച ഇന്ത്യ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വിശദമാക്കുന്ന തെളിവുകളും കൈമാറി. പാക്കിസ്ഥാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുക എന്നതു ലക്ഷ്യമിട്ട് എംപിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം വിവിധ രാജ്യങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിശദീകരിക്കുകയും ചെയ്തു.
തങ്ങളുടെ വ്യോമപാത അടയ്ക്കുകയും 1972ലെ ഷിംല കരാർ മരവിപ്പിക്കുകയും ചെയ്തുകൊണ്ടായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം. പിന്നാലെ പാക്കിസ്ഥാനും തങ്ങളുടെ വാദഗതികൾ വിശദീകരിക്കാനായി വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധിസംഘത്തെ അയച്ചു.

