പരവൂർ (കൊല്ലം): അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ തിരികെ നൽകുന്നതിന് ഊർജിത ശ്രമം നടത്താൻ രാജ്യത്തെ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം.ഇതിനായി ജില്ലാ തലങ്ങളിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ക്യാമ്പുകൾ സംഘടിപ്പിക്കണം. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് ക്യാമ്പുകൾ നടത്തേണ്ടതെന്നും നിർദേശത്തിൽ പറയുന്നു.
ഗ്രാമങ്ങളിലും അർധനഗര പ്രദേശങ്ങളിലും ക്യാമ്പുകൾക്ക് കൂടുതൽ ഊന്നൽ നൽകണമെന്നുമാണ് നിർദേശം. ഇത്തരത്തിലുള്ള ആദ്യ ക്യാമ്പ് അടുത്ത മാസം ഗുജറാത്തിൽ സംഘടിപ്പിക്കും.പത്ത് വർഷത്തിൽ കൂടുതൽ ഇടപാടുകൾ നടത്താത്ത സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ, കറണ്ട് അക്കൗണ്ടുകളിലെ ബാലൻസ് തുക, കാലാവധി പൂർത്തിയായ ശേഷം പത്ത് വർഷത്തിനുള്ളിൽ ക്ലയിം ചെയ്യാത്ത ടേം ഡിപ്പോസിറ്റുകൾ തുടങ്ങിയവയാണ് അവകാശികൾ ഇല്ലാത്ത നിക്ഷേപമായി പരിഗണിക്കുന്നത്.
ഇങ്ങനെയുള്ള തുക റിസർവ് ബാങ്ക് ഒഫ് ഇന്ത്യ അവരുടെ ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റുകയാണ് പതിവ്. എന്നാൽ നിക്ഷേപകരോ അവരുടെ നോമിനികളോ നിയമപരമായ അവകാശികളോ മതിയായ രേഖകൾ ഹാജരാക്കിയാൽ തുക തിരികെ നൽകാൻ വ്യവസ്ഥയുണ്ട്. റിസർവ് ബാങ്ക് അടുത്തിടെ നടത്തിയ കണക്കെടുപ്പിൽ അവകാശികൾ ഇല്ലാത്ത നിക്ഷേപത്തുക ക്രമാതീതമായി വർധിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്.
കഴിഞ്ഞ വർഷം രാജ്യത്ത് അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപത്തുക 67,003 കോടി രൂപയായിരുന്നു. ഇത് ഈ വർഷം 67,270 കോടിയിൽ എത്തി നിൽക്കുകയാണ്. അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനും സംശയങ്ങൾ അടക്കം ദുരീകരിക്കുന്നതിന് റിസർവ് ബാങ്ക് ഓൺ ലൈൻ പോർട്ടൽ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.അൺ ക്ലയിംഡ് ഡിപ്പോസിറ്റ്സ് ഗേറ്റ് വേ ടു ആക്സസ് ഇൻഫർമേഷൻ ( യുഡിജിഎഎം എന്നാണ് പോർട്ടലിന്റെ പേര്.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങൾ സംബന്ധിച്ച വിവരങ്ങൾ വ്യക്തികൾക്ക് ഈ കേന്ദ്രീകൃത ഓൺലൈൻ പ്ലാറ്റ്ഫോമിൽ കയറി പരിശോധിക്കുകയും ചെയ്യാം. ഇത് ബന്ധപ്പെട്ടവർ പ്രയോജനപ്പെടുത്തണമെന്നും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്.
ഇത് കൂടാതെ എല്ലാ ബാങ്ക് ബ്രാഞ്ചുകളും അവരുടെ പരിധിയിലെ നിർജീവമായ അക്കൗണ്ടുകളിലും അവകാശികൾ ഇല്ലാത്ത അക്കൗണ്ടുകളിലും കെവൈസി അപ്ഡേഷൻ പരിശോധനകൾ നടത്തുകയും വേണം.നിർജീവവും അവകാശികൾ ഇല്ലാത്തതുമായ അക്കൗണ്ട് ഉടമകളുടെ വിലാസത്തിൽ ഇത് സംബന്ധിച്ച് കത്തുകൾ അയയ്ക്കണം.
ഇത് കൂടാതെ ഇ-മെയിൽ, മൊബൈൽ എസ്എംഎസ് എന്നിവ വഴിയും അക്കൗണ്ടുകളുടെ നിജസ്ഥിതി ഉടമകളെ അറിയിക്കണമെന്നും റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്.
- എസ്.ആർ. സുധീർ കുമാർ