അഴിമതിക്കാരെ വീണ്ടും സംരക്ഷിച്ച് കേന്ദ്രസര്‍ക്കാര്‍! അദാനി ഗ്രൂപ്പിന് യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഈടാക്കിയ പിഴ ഒഴിവാക്കി മോദി സര്‍ക്കാര്‍; വിവാദമായപ്പോള്‍ വിചിത്ര ന്യായീകരണവും

അഴിമതിക്കാരെ തുടച്ചുനീക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ പക്ഷേ പിന്നീട് നടത്തിയത് അഴിമതിക്കാരായ കോര്‍പറേറ്റ് മുതലാളിമാരെ സംരക്ഷിക്കുകയാണ്. ഇപ്പോഴിതാ അതിന് പുതിയ ഉദാഹരണമായി പുതിയ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. ഗുജറാത്തിലെ കച്ചിലുള്ള നദീതട വികസന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ നിയമലംഘനത്തിന് അദാനി ഗ്രൂപ്പിന് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ചുമത്തിയ പിഴ ഒഴിവാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. 2013ലാണ് യു.പി.എ സര്‍ക്കാരിലെ പരിസ്ഥിതി മന്ത്രാലയം അദാനി ഗ്രൂപ്പിന് പിഴ ചുമത്തിയത്.

200 കോടി രൂപയോ പ്രോജക്ട് ചിലവിന്റെ ഒരു ശതമാനമോ ഏതാണ് കൂടുതലെങ്കില്‍ അത് പിഴയായി ഈടാക്കാനായിരുന്നു പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടത്. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2015 സെപ്റ്റംബറിലാണ് പിഴയീടാക്കാനുള്ള തീരുമാനത്തില്‍ നിന്നും പരിസ്ഥിതി മന്ത്രാലയം പിന്നോട്ടുപോയത്. നിയമപ്രകാരം സര്‍ക്കാരിന് ഇത്തരം പിഴ ചുമത്താന്‍ കഴിയില്ലെന്നു പറഞ്ഞായിരുന്നു മോദി സര്‍ക്കാരിന്റെ നടപടി.

പിഴയീടാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച സര്‍ക്കാര്‍ കേടുപാടുണ്ടാക്കിയ നഷ്ടം എത്രയാണെന്ന് തിട്ടപ്പെടുത്താന്‍ ഉത്തരവിടുകയാണ് ചെയ്തത്. കമ്പനി എത്രപണം നല്‍കണമെന്നത് ഇതിനുശേഷം തീരുമാനിക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്.

അദാനി ഗ്രൂപ്പിനുവേണ്ടി മോദി സര്‍ക്കാര്‍ സ്വീകരിച്ച ഈ നയം വിവാദമായതോടെ സര്‍ക്കാര്‍ അതിനെ ന്യായീകരിച്ചത് പിഴ ഒഴിവാക്കിയത് കൂടുതല്‍ തുക ഈടാക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞായിരുന്നു. എന്നാലിപ്പോള്‍ ഈ പ്രോജക്ട് പരിസ്ഥിതിക്ക് ഒരു കോട്ടവും ഉണ്ടാക്കിയിട്ടില്ലെന്നാണ് കണ്ടെത്തലെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചവിവരമെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

Related posts