ന്യൂഡൽഹി: സിന്ധു നദീതടത്തെ ഉപയോഗിച്ച് പാകിസ്ഥാനെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടാൻ ഇന്ത്യക്ക് കഴിയുമെന്ന് റിപ്പോര്‍ട്ട്. സിഡ്നി ആസ്ഥാനമായുള്ള സ്വതന്ത്ര തിങ്ക് ടാങ്കായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സിന്ധുവിന്റെയും പോഷകനദികളുടെയും പാകിസ്ഥാനിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനുള്ള ശേഷി ഇന്ത്യക്കുള്ളതിനാൽ ഇന്ത്യയുടെ ചെറിയ ഇടപെടല്‍ പോലും പാകിസ്ഥാന് പ്രതിസന്ധി സൃഷ്ടിക്കും.
ഈ വർഷം ആദ്യം ഇന്ത്യ സിന്ധു ജല ഉടമ്പടി (ഐഡബ്ല്യുടി) താത്കാലികമായി നിർത്തിവച്ചതിനുശേഷം പാകിസ്ഥാന് ഗുരുതരമായ പ്രതിസന്ധി നേരിടുന്നുവെന്നും ഇക്കോളജിക്കൽ ത്രെറ്റ് റിപ്പോർട്ട് 2025 പറയുന്നു. പാകിസ്ഥാനിലെ കാർഷികാവശ്യങ്ങൾക്കായി 80 ശതമാനവും സിന്ധു നദീജലത്തെയാണ് ആശ്രയിക്കുന്നത്. പാകിസ്ഥാനിലെ അണക്കെട്ടുകൾക്ക് നിലവിൽ 30 ദിവസത്തേക്കുള്ള ജലം മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ. അതുകൊണ്ടുതന്നെ ജലം സംബന്ധിച്ച ഇന്ത്യയുടെ ഏതൊരു നടപടിയും പാകിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സിന്ധു നദിയുടെ ഒഴുക്ക് ഇന്ത്യ തടയുകയോ ഗണ്യമായി കുറയ്ക്കുകയോ ചെയ്താൽ പാകിസ്ഥാനിലെ ജനസാന്ദ്രതയുള്ള സമതലങ്ങൾ ശൈത്യകാലത്തും വേനൽക്കാലത്തും കടുത്ത ജലക്ഷാമം നേരിടേണ്ടിവരും. എന്നാൽ നദിയുടെ ഒഴുക്ക് പൂർണമായി തടയാനുള്ള സൗകര്യം നിലവിൽ ഇന്ത്യക്കില്ല. എങ്കിലും ചെറിയ തടസങ്ങൾ പോലും പാകിസ്ഥാന്റെ കാർഷിക മേഖലയിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

