വൈപ്പിൻ: ചെളി മാറ്റി ആഴം കൂട്ടിയിട്ടും എളങ്കുന്നപ്പുഴയുടെ ദുഖം എന്നറിയപ്പെടുന്ന ആർഎംപി കനാൽ തീരത്തെ നാലു വാർഡുകളിൽ ഇപ്പോഴും പ്രളയഭീഷണി നിലനിൽക്കുന്നു.
മാലിപ്പുറം മുതൽ ഫോർട്ട് വൈപ്പിൻവരെ അഞ്ചു കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന കനാലിന്റെ ഫോർട്ട് വൈപ്പിനിലെ മുഖവാരം ഇനിയും ആഴം കൂട്ടാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
ഇവിടെ എക്കലും മണ്ണും അടിഞ്ഞ് കിടക്കുന്നതിനാൽ ആഴം കുറവാണ്. മഴക്കാലത്ത് തീരദേശത്തെ 16 മുതൽ 19 വരെയുള്ള വാർഡുകളിൽ നിന്നുള്ള മഴവെള്ളം മുഴുവൻ ഒഴുകിയെത്തുന്നത് ആർഎംപി കനാലിലേക്കാണ്.
ഇതാകട്ടെ തെക്കോട്ട് ഒഴുകി കൊച്ചി അഴിമുഖത്തെത്തി കടലിൽ ചെന്ന് ചേരും. മുഖവാരം ആഴം കൂട്ടാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് ഇവിടെ തസപ്പെടുകയാണ്.
മഴ കനത്താൽ കനാലിന്റെ ഇരുകരകളിലും പ്രളയം ഉറപ്പാണ്. നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിയെത്തുടർന്ന് ഈ അടുത്ത് മാലിപ്പുറം മുതൽ പുതുവൈപ്പ് തോണിപ്പാലം വരെ എംഎൽഎ ഫണ്ട് ഉപയോഗിച്ചും അവിടെ നിന്ന് തെക്കോട്ട് മുരുക്കുംപാടം വരെ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും ചെളി വാരിമാറ്റി ആഴം വർധിപ്പിച്ചെങ്കിലും തുടർന്ന് തെക്കോട്ടുള്ള ഒരു കിലോമീറ്റർ മേഖലയിൽ ഒന്നും ചെയ്തില്ല.
മുഖവാരം ആദ്യം ആഴം കൂട്ടാതെ ബാക്കിഭാഗം ആഴം വർധിപ്പിച്ച അശാസ്ത്രീയമായ നടപടിയാണ് ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കാൻ കാരണം.
കൊച്ചിൻ പോർട്ടിന്റെ അധീനതയിൽപ്പെട്ട മേഖലയായതിനാൽ മുഖവാരം ആഴം വർധിപ്പിക്കുന്നതിനായി പഞ്ചായത്ത് ഒരു കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചെങ്കിലും സാന്പത്തിക പരാധീനതകൾ പറഞ്ഞ് പോർട്ട് പിൻമാറി.
ജില്ലാ ദുരന്ത നിവാരണ സമിതിയും കൈയൊഴിഞ്ഞതോടെയാണ് തീരദേശത്തിനു ആശങ്ക വർധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രശ്നത്തിനു അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് പുതുവൈപ്പ്, എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റുമാരായ കെ.എം. സിനോജ് കുമാർ, കെ.എച്ച് നൗഷാദ് എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്ക് ഇന്നലെ നിവേദനം നൽകി.
പോർട്ട് ട്രസ്റ്റും ജില്ലാ ദുരന്ത നിവാരണ സമിതിയും അവഗണന തുടർന്നാൽ സമര പരിപാടികളും നിയമ നടപിടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡന്റ്മാർ മുന്നറിയിപ്പ് നൽകി.
നിവേദനം നൽകാൻ മണ്ഡലം പ്രസിഡന്റുമാരോടൊപ്പം മണ്ഡലം സെക്രട്ടറി സെബാസ്റ്റ്യൻ ജോർജ്, എം. ബോബിൻ എന്നിവരും ഉണ്ടായിരുന്നു.