ലിസ്ബണ്‍: ലയണൽ മെസിയുടെ പുതിയ തട്ടകമായ അമേരിക്കയിലെ മേജർ സോക്കർ ലീഗിനേക്കാൾ മികച്ചതാണു സൗദി പ്രോ ലീഗെന്നു പോർച്ചുഗീസ് താരം ക്രിസ്റ്റ്യനോ റൊണാൾഡോ.
മെസി ഇന്റർ മയാമിയുമായി കരാർ ഒപ്പിട്ടതിനു പിന്നാലെയാണു റൊണാൾഡോയുടെ പരാമർശം. സൗദി ക്ലബ്ബായ അൽ നസറിന്റെ താരമാണു റൊണാൾഡോ.
യൂറോപ്പിലേക്ക് ഇനിയൊരു തിരിച്ചുവരവില്ല. ഇപ്പോൾ 38 വയസിനുള്ള മേൽ പ്രായമുള്ള താൻ ഇനി അതിനായി ശ്രമിക്കില്ല. യൂറോപ്യൻ ഫുട്ബോളിന്റെ നിലവാരം നശിച്ചു.
സ്പാനിഷ് ലീഗിനും ജർമൻ ലീഗിനും വലിയ നിലവാരമില്ല. അമേരിക്കൻ ലീഗിനേക്കാൾ മികച്ചതു സൗദി ലീഗാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗാണ് ഏറ്റവും മികച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിനുള്ളിൽ നിരവധി വലിയ താരങ്ങൾ സൗദിയിലെത്തും. ഇക്കാലയളവിൽ സൗദി ലീഗ് ടർക്കിഷ്-ഡച്ച് ലീഗുകളെ പിന്നിലാക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന പ്രീ സീസണ് മത്സരത്തിൽ റൊണാൾഡോയുടെ അൽ നസർ സ്പാനിഷ് ടീമായ സെൽറ്റ വീഗോയോട് എതിരില്ലാത്ത അഞ്ചു ഗോളിനു പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു ഭാവി സംബന്ധിച്ച റോണോയുടെ തുറന്നുപറച്ചിൽ.
കഴിഞ്ഞ വർഷമാണു മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്നു റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിലെത്തുന്നത്. ഇതിനുശേഷം നിരവധി രാജ്യാന്തര താരങ്ങൾ സൗദി ക്ലബ്ബുകളുമായി കരാർ ഒപ്പിട്ടു. കിം ബെൻസേമ, എൻഗോളോ കാന്റെ, റോബർട്ടോ ഫിർമിനോ, എഡ്വാർഡ് മെൻഡി, മാഴ്സലോ ബ്രോസോവിച്ച് എന്നിവരാണ് ഇവരിൽ പ്രമുഖർ.