കോട്ടയം: ഓഗസ്റ്റില്‍ തുടങ്ങിയ റബര്‍വില മാന്ദ്യം സെപ്റ്റംബര്‍ പകുതി പിന്നിടുമ്പോഴും തുടരുന്നു. ജൂലൈ മൂന്നാം വാരമാണ് ഷീറ്റിനും ലാറ്റക്സിനും ഒട്ടുപാലിനും ഇക്കൊല്ലത്തെ ഉയര്‍ന്ന വില ലഭിച്ചത്. ഷീറ്റിന് 215, ലാറ്റക്സ് 207, ഒട്ടുപാല് 128 നിരക്കിലേക്ക് വില ഉയര്‍ന്നു. ഒന്നര മാസം പിന്നിടുമ്പോള്‍ ഷീറ്റിന് 186, ലാറ്റക്സ് 167, ഒട്ടുപാല് 108 തോതിലാണ് നിരക്ക്.
കേന്ദ്ര സര്‍ക്കാരിന്റെ നികുതി വെട്ടിക്കുറയ്ക്കല്‍ ഓരോ ഉത്പന്നത്തിനും ഏതു നിരക്കിലായിരിക്കും എന്നതിലെ അനിശ്ചിതത്വത്തില്‍ വ്യവസായികള്‍ ടയര്‍ മുതല്‍ റബര്‍ ബാന്‍ഡ് വരെയുള്ള സാമഗ്രികളുടെ ഉത്പാദനം കുറച്ചു. ട്രംപിന്റെ പ്രഹരച്ചുങ്കം മാര്‍ക്കറ്റിലും വ്യവസായത്തിലും പ്രത്യാഘാതവും അനിശ്ചിതത്വവുമുണ്ടാക്കി.
കഴിഞ്ഞ മാസം പകുതിക്കുശേഷം ടയര്‍ കമ്പനികള്‍ മാര്‍ക്കറ്റില്‍ നിന്ന് കാര്യമായി ഷീറ്റ് വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. മഴക്കാലത്ത് സംസ്കരണത്തിനുള്ള അധിക ചെലവും ദുരിതവും കാരണം ഷീറ്റ് ഒഴിവാക്കി കര്‍ഷകര്‍ ലാറ്റക്സും ഒട്ടുപാലുമായി വില്ക്കാന് താത്പര്യപ്പെടുന്നു.
ക്രീപ്പ്, ക്രംബ് കമ്പനികള്‍ക്ക് വേണ്ടതിലധികം ഒട്ടുപാല് ലഭ്യമായതും മാര്‍ക്കറ്റിലേക്ക് ചരക്കുവരവ് കൂടിയതുമാണ് ഒട്ടുപാല് വില കുറയാന്‍ കാരണമായത്. ചൈനയില്‍നിന്നടക്കം ആവശ്യകത മുന്‍വര്‍ഷത്തെക്കാള്‍ ഉയരുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അങ്ങനെയെങ്കില്‍ വരുംമാസങ്ങളില്‍ വില മെച്ചപ്പെടാനാണ് സാധ്യത. തുലാമഴ നീണ്ടുനിന്നാല്‍ ഉത്പാദനം കുറഞ്ഞ് വിലയില്‍ നേട്ടമുണ്ടാകാം. വിദേശവിലയും ആഭ്യന്തരവിലയും ഏറെക്കുറെ ഇപ്പോള്‍ ഒരേ നിരക്കിലാണ്.
ക്വലാലംപുര്‍ മാര്‍ക്കറ്റ് വില ഇന്നലെ ഇവിടത്തെ വിലയെക്കാൾ മൂന്നു രൂപ മാത്രം കൂടുതലാണ്. ഈ സാഹചര്യത്തില്‍ 25 ശതമാനം തീരുവ അടച്ച് വ്യവസായികള്‍ ഇറക്കുമതി ചെയ്യാനുള്ള സാധ്യതയില്ല. അതേസമയം തുച്ഛമായ തീരുവ അടച്ചും അയയ്ക്കാതെയും മാസം ഇരുപതിനായിരം ടണ്‍ വീതം കോമ്പൗണ്ട് റബര്‍ ഇറക്കുമതി തുടരുന്നുണ്ട്. കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി മൂലമാണ് ഷീറ്റ് വില മെച്ചപ്പെടാത്തത്.