വാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ പുടിൻ തയാറാകാത്തതിനെത്തുടർന്ന് റഷ്യക്കുമേൽ കടത്ത നടപടികളുമായി അമേരിക്ക. റഷ്യയുടെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി.
റോസ്നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്കും ഇവയുടെ അനുബന്ധകമ്പനികൾക്കും എതിരേയാണ് ഉപരോധം ഏർപ്പെടുത്തിയത്. കൊലപാതകങ്ങൾ അവസാനിപ്പിക്കാനും വെടിനിർത്തൽ നടപ്പാക്കാനുമുള്ള സമയമാണിതെന്ന് ഉപരോധം പ്രഖ്യാപിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു.
കൂടുതൽ ഉപരോധം ഏർപ്പെടുത്താൻ അമേരിക്ക തയാറാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപുമായി കൂടിക്കാഴ്ച നടത്താൻ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റട്ടെ വാഷിംഗ്ടണിൽ എത്തിയപ്പോഴായിരുന്നു പ്രഖ്യാപനം.
കഴിഞ്ഞ ദിവസം യുക്രെയ്നിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ യുവതിയും ഇവരുടെ രണ്ട് പെൺകുഞ്ഞുങ്ങളുമുൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച വരെ തുടർച്ചയായി ആക്രമണം നടന്നു.
എട്ട് യുക്രെയ്ൻ നഗരങ്ങളെയും തലസ്ഥാനമായ കീവിലെ ഒരു ഗ്രാമത്തെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഖാർകീവിലെ കിന്റർഗാർട്ടനുനേർക്കും ആക്രമണമുണ്ടായി. കുട്ടികൾ കെട്ടിടത്തിലായിരുന്നപ്പോഴാണ് ആക്രമണം നടന്നതെന്ന് മേയർ ഇഹോർ തെരേഖോവ് പറഞ്ഞു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
എന്നാൽ കുട്ടികൾ സുരക്ഷിതരായിരുന്നു. കീവ് ലക്ഷ്യമാക്കി 405 ഡ്രോണുകളും 28 മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. സമയം കളയാനില്ലാത്തതുകൊണ്ട് പുടിനുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യൂറോപ്യൻ യൂണിയൻ, അമേരിക്ക, ജി-7 കൂട്ടായ്മ എന്നിവ റഷ്യയെ ചർച്ചയുടെ മേശയിലേക്ക് എത്തിക്കാൻ സമ്മർദം ചെലുത്തണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു.
സ്റ്റോക്ക്ഹോമിലെത്തിയ സെലൻസ്കി സ്വീഡൻ പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സണുമായി ഗ്രിപെൻ യുദ്ധവിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടു. 150 ഗ്രിപെൻ യുദ്ധവിമാനങ്ങൾ വാങ്ങാനാണ് കരാർ. ഇതിനകം അമേരിക്കൻ നിർമിത എഫ്-16 വിമാനങ്ങളും ഫ്രഞ്ച് മിറാഷ് യുദ്ധവിമാനങ്ങളും ലഭിച്ചിട്ടുണ്ട്.

