വാഷിംഗ്ടൺ: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ തയാറാണെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വർഷം അവസാനത്തോടെ റഷ്യൻ എണ്ണയുടെ അളവ് വളരെ കുറയും.
എന്നാൽ, ഇത് ഒറ്റയടിക്ക് നിർത്താനാകാത്ത പ്രക്രിയ ആയതിനാൽ സമയമെടുക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘സമാന നടപടി കൈക്കൊള്ളുന്നതിനായി ചൈനയെയും നിർബന്ധിക്കും. ഇന്ത്യയും ചൈനയുമാണ് റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കൾ. മോദിയോട് സംസാരിച്ചിരുന്നു.
ദക്ഷിണ കൊറിയയിൽ നടക്കാനിരിക്കുന്ന ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ സംബന്ധിക്കുന്ന അവസരത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി റഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങളെക്കുറിച്ച് സംസാരിക്കും.
യുഎസ് സാന്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് തീരുവ പ്രഖ്യാപിച്ചത്. എട്ട് യുദ്ധങ്ങൾ ഞാൻ ഇടപെട്ട് അവസാനിപ്പിച്ചു. ഇതിൽ അഞ്ചോ ആറോ എണ്ണം അവസാനിപ്പിക്കുന്നതിൽ എന്റെ ഉയർന്ന തീരുവ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്’ എന്ന് ട്രംപ് പറഞ്ഞു.

